
ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ പോലും കേരളത്തെ പരാമര്‍ശിക്കാതെ മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ ഇടക്കാല ബജറ്റവതരണം പൂര്‍ത്തിയായി. മൂന്നാം മോദി സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന പ്രധാന തൂണുകളായ ബീഹാറിനും ആന്ധ്രയ്ക്കും വാരിക്കോരി കൊടുത്തപ്പോള്‍ സാമ്പത്തീകപ്രതിസന്ധിയില് കേന്ദ്രവിഹിതത്തെക്കുറിച്ച് നിരന്തരം പരാതി പറയുന്ന കേരളത്തെ അവഗണച്ചെന്ന ആക്ഷേപം പ്രതിപക്ഷത്തിന് ഉന്നയിക്കാന്‍ കഴിയുന്ന വിധത്തിലാണ് ബജറ്റിലെ പ്രഖ്യാപനങ്ങള്‍. ആദായ നികുതി ഇളവ് മൂന്ന് ലക്ഷമാക്കിയപ്പോള്‍ വിദേശ സ്ഥാപനങ്ങള്‍ക്കുള്ള കോര്‍പ്പറേറ്റ് നികുതിയിലും കുറവ് വരുത്തി. തൊഴിലില്ലായ്മ പരിഹരിക്കാന്‍ വമ്പന്‍ നീക്കിയിരിപ്പുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ആദായനികുതി പരിധി മൂന്ന് ലക്ഷം
ആദായനികുതി നിമമത്തില് സമഗ്ര പരിഷ്ക്കാരമാണ് കൊണ്ടുവന്നിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന് 50,000 ല്‍ നിന്നും 75,000 ആയി ഉയര്‍ത്തി. മൂന്നുലക്ഷം മുതല്‍ 7 ലക്ഷം വരെയുള്ളവര്‍ വരുമാനത്തിന്റെ അഞ്ചു ശതമാനവും 7 മുതല്‍ 10 ലക്ഷം വരെയുള്ളവര്‍ 10 ശതമാനവും 10 മുതല്‍ 12 ലക്ഷം 15 ശതമാനവും 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമാണ് ആദായനികുതി ഘടന. വിദേശ സ്ഥാപനങ്ങള്‍ക്കുള്ള കോര്‍പ്പറേറ്റ് നികുതി 35 ശതമാനമാക്കി. പുതിയ സ്ലാബ് പ്രകാരം നികുതി ദായകര്‍ക്ക് ആദായ നികുതിയില്‍ 17500 രൂപ ഇളവ് ലഭിക്കും.
വില കുറയുന്നവ
പുതിയബജറ്റ് പ്രകാരം മൊബൈലിനും ചാര്‍ജ്ജറിനും സ്വര്‍ണ്ണം, വെള്ളി, തുകല്‍ വസ്തുക്കള്‍, തുണിത്തരങ്ങള്‍ എന്നിവയ്ക്ക് വില കുറയുമ്പോള്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടും. കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയവയുടെ പട്ടികയില്‍ കാന്‍സര്‍ രോഗത്തിനുള്ള മൂന്ന് മരുന്നുകള്‍ക്ക് കൂടി ഉള്‍പ്പെട്ടിട്ടുണ്ട്. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ ആറ് ശതമാനമാണ് കുറച്ചത്. പ്ലാറ്റിനത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി 6.4 ശതമാനവും കുറച്ചു.
സമുദ്രോല്‍പ്പന്നങ്ങളുടെ കയറ്റുമതി കൂട്ടാന്‍ അവയ്ക്കും നികുതിയിളവ് നല്‍കിയിട്ടുണ്ട്. ജിഎസ്ടി റവന്യൂ വരുമാനം വര്‍ദ്ധിപ്പിച്ചതും സാധാരണക്കാരന്റെ നികുതിഭാരം കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍.
തൊഴിലില്ലായ്മ പരിഹാരം
തൊഴിലില്ലായ്മ പരിഹരിക്കാന്‍ വന്‍ പ്രഖ്യാപനങ്ങളാണ് ഉള്ളത്. വിദ്യാഭ്യാസ, നൈപുണ്യ മേഖലകള്‍ക്ക് 1. 48 ലക്ഷം കോടിയാണ് പ്രഖ്യാപനം. 500 വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ഒരു കോടി വിദ്യാര്‍ഥികള്‍ക്കാണ് ഇന്റേണ്‍ഷിപ്പിന് അവസരം ഒരുക്കുക. 5000 രൂപ വീതം സ്റ്റൈപ്പന്റ് നല്‍കും. 6000 രൂപ ഒറ്റത്തവണയായി നല്‍കും. പരിശീലനത്തിനുള്ള ചിലവും 10 ശതമാനം ശതമാനം സ്റ്റൈപ്പന്റും കമ്പനികള്‍ വഹിക്കണം. 5 വര്‍ഷം കൊണ്ട് 20 ലക്ഷം യുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കാനാണ് ഉദ്ദേശം. ഇതിനായി ആയിരം വ്യവസായ പരിശീലന കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തും. വിദ്യാഭ്യാസവായ്പ 10 ലക്ഷം രൂപ വരെയാക്കും. സ്ത്രീകള്‍ക്കായി പ്രത്യേക നൈപുണ്യ പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങും.
സര്‍ക്കാര്‍ പദ്ധതികളില്‍ ഉള്‍പ്പെടാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പ ലഭ്യമാക്കുമെന്ന് ധനകാര്യ മന്ത്രി. 10 ലക്ഷം രൂപ വരെ ഉന്നത വിദ്യാഭ്യാസത്തിന് വായ്പ ലഭ്യമാക്കും. നാല് കോടി യുവജനങ്ങളെ ലക്ഷ്യമിട്ട് നൈപുണ്യ വികസനം. 80 കോടി ജനങ്ങള്‍ക്ക് ഗരീബ് കല്യാണ്‍ യോജന പ്രയോജനപ്പെടുത്തുന്നതായും പറഞ്ഞു. കൃഷിയുമായി ബന്ധപ്പെട്ട് ഒരു ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് പലിശ രഹിത ഇ- വൗച്ചറുകള്‍ അനുവദിക്കും. കാര്‍ഷിക മേഖലക്ക് 1.52 ലക്ഷം കോടിയാണ് മാറ്റിവെച്ചത്. രണ്ടു വര്‍ഷത്തിനുള്ളില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കാനാണ് ഉദ്ദേശം.
ജൈവകൃഷി പ്രോത്സാഹിപ്പിക്കും
കൃഷിക്ക് ഗവേഷണവും സാമ്പത്തീക സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനങ്ങളെ അതിജീവിക്കുന്ന വിളകള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കും. രാജ്യത്തുടനീളമുള്ള ഒരു കോടി കര്‍ഷകരെ ഉള്‍പ്പെടുത്തിയുള്ള ജൈവകൃഷിക്ക് തുടക്കമിടുമെന്ന് ധനകാര്യമന്ത്രി വ്യക്തമാക്കി. ആവശ്യാനുസരണം 10,000 ബയോ ഇന്‍പുട്ട് റിസോഴ്സ് സെന്ററുകള്‍ സ്ഥാപിക്കുമെന്നും ധനകാര്യ മന്ത്രി. മുദ്ര വായ്പയുടെ പരിധി പത്ത് ലക്ഷത്തില്‍ നിന്ന് 20 ലക്ഷമാക്കി ഉയര്‍ത്തി. മൂന്ന് വര്‍ഷത്തിനകം 400 ജില്ലകളില്‍ ഡിജിറ്റല്‍ വിള സര്‍വേ നടത്തും.
പ്രളയസഹായത്തില്‍ കേരളമില്ല, ബീഹാറിനോടും ആന്ധ്രയോടും പ്രേമം കൂടി
ലോക്സഭയിൽ എൻഡിഎ സർക്കാരിനെ നിലനിർത്തുന്ന ജെഡിയുവിനെയും തെലുങ്കുദേശത്തെയും സന്തോഷിപ്പിക്കാനും മറന്നില്ല. ആന്ധ്രപ്രദേശന് പ്രത്യേക ധനസഹായം പ്രഖ്യാപിച്ചപ്പോൾ ബിഹാറിന് കൂടുതൽ മെഡിക്കൽ കോളേജുകളും വിമാനത്താവളങ്ങളും അനുവദിച്ചിട്ടുണ്ട്. ബീഹാറില്‍ പുതിയ വിമാനത്താവളവും മെഡിക്കല്‍ കോളേജും ഹൈവേവികസനവും പാലവും റോഡുകളും വികസിപ്പിക്കാനും നീക്കിയിരുപ്പുണ്ട്. ഹൈവേ വികസനത്തിന് 26,000 കോടി രൂപയാണ് നീക്കി വെച്ചത്.
ലോകോത്തര വിനോദ സഞ്ചാര നിലവാരത്തിലെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ബിഹാറില്‍ 2 ക്ഷേത്ര ഇടനാഴികള്‍ക്ക് സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. ആന്ധ്രയ്ക്കും വമ്പന്‍ പ്രത്യേക ശ്രദ്ധ നല്‍കിയിട്ടുണ്ട്. ആന്ധ്രയിലെ പോലവാരം ജലസേചന പദ്ധതി, തലസ്ഥാന വികസനം എന്നിവയ്ക്ക് വകയിരുത്തിയിട്ടുണ്ട്. 15,000 കോടി രൂപയാണ് ആന്ധ്രയ്ക്കായി നല്‍കിയത്.
പ്രളയദുരിതത്തിന്റെ കാര്യത്തില്‍ ബീഹാര്‍, അസം, സിക്കിം, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളെക്കുറിച്ച് പരാമര്‍ശിച്ച ധനമന്ത്രി കേരളത്തെക്കുറിച്ച് മിണ്ടിയതേയില്ല. ബീഹാറിന് വാരിക്കോരി നല്‍കിയിരിക്കുകയാണ്. 11500 കോടിയാണ് പ്രളയദുരിതം നേരിടാന്‍ ബീഹാറിന് പ്രഖ്യാപിച്ചിരിക്കുന്നത് നേപ്പാളിന് സമാനമായ രീതിയില്‍ പദ്ധതി നടപ്പാക്കും.
പ്രധാനമന്ത്രി ആവാസ് യോജനയില്‍ ഒരുകോടി വീടുകള്‍
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിക്ക് കീഴില്‍ ഒരു കോടി വീടുകള്‍ നിര്‍മ്മിക്കുമെന്നാണ് പ്രഖ്യാപനം. ഭവന പദ്ധതിക്കായി നീക്കി വെച്ചത് 10 ലക്ഷം കോടി രൂപയാണ്. നഗരങ്ങളിലുള്ളവര്ക്കാകും പ്രധാനമായും ഇതിന്റെ പ്രയോജനം ലഭിക്കുക. ഒരു കോടി വീടുകള്‍ക്ക് കൂടി സോളാര്‍ പദ്ധതി കൂടിയ പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രാമീണമേഖലയിലെ റോഡുകള്‍ പ്രധാനമന്ത്രി ഗ്രാമ സടക് യോജന ഫേസ് 4 ല്‍ 25000 റോഡുകള്‍ നിര്‍മ്മിക്കും. കൂടുതല്‍ വര്‍ക്കിംഗ് വിമണ്‍ ഹോസ്റ്റലുകള്‍ യാഥാര്‍ത്ഥ്യമാക്കും. രാജ്യത്ത് കൂടുതല്‍ ക്രഷുകള്‍ ആരംഭിക്കും.
നഗരപ്രദേശങ്ങളിലെ ഭൂരേഖകള്‍ ഡിജിറ്റലൈസ് ചെയ്യുമെന്നും ബജറ്റില്‍ പ്രഖ്യാപനം. വികസിത നഗരങ്ങള്‍ക്ക് പ്രത്യേക പാക്കേജും അനുവദിച്ചു. ആദിവാസി വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തീക ക്ഷേമത്തിനായി കൂടുതല്‍ പദ്ധതികള്‍ കൊണ്ടുവരും. ഇത് അഞ്ചു ലക്ഷത്തോളം ആദിവാസികള്‍ക്ക് പ്രയോജനകരമാകുമെന്നും ധനമന്ത്രി പറഞ്ഞു. എന്‍പിഎസ് വാത്സല്യ എന്ന പ്രായപൂര്‍ത്തി ആകാത്ത മക്കള്‍ക്കായി രക്ഷിതാക്കളുടെ നിക്ഷേപ പദ്ധതിക്ക് മികച്ച പ്രതികരണമാണ് കിട്ടുന്നതെന്നും പറഞ്ഞു.
12 വ്യവസായ പാര്‍ക്കുകള്‍ കൂടി വരും
രാജ്യത്ത് 12 വ്യവസായ പാര്‍ക്കുകള്‍ കൂടി ഉടന്‍ യാഥാര്‍ത്ഥ്യമാക്കും. ക്രൂയിസ് ടൂറിസത്തിന് പ്രോത്സാഹനം നല്കാന് വിദേശ ക്രൂയിസ് കമ്പനികളെ ആകര്‍ഷിക്കും. രാജ്യത്ത് ആഭ്യന്തര ക്രൂയിസുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ നികുതിയിളവ് നല്കി. ഇതുവഴിയും തൊഴില്‍ കൊണ്ടുവരികയാണ് ഉദ്ദേശം. എംഎസ്എംഇ കള്‍ക്ക് പ്രത്യേക പരിഗണനയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എംഎസ്എംഇ കള്‍ക്ക് ഈടില്ലാതെ വായ്പ നല്‍കും. ഇതിനായി പ്രത്യേക സഹായഫണ്ട് എന്ന പേരില്‍ 1000 കോടി വകയിരുത്തിയിട്ടുണ്ട്. കൂടുതല്‍ തദ്ദേശീയ താപവൈദ്യുതി നിലയങ്ങളും പ്രഖ്യാപനത്തിലുണ്ട്. തുടര്‍ച്ചയായി ഏഴാം തവണയാണു നിര്‍മല സീതാരാമന് ബജറ്റ് അവതരിപ്പിച്ചത്. റെയിൽവെയെക്കുറിച്ചും ബജറ്റ് പ്രസംഗത്തിൽ പരാമർശം ഉണ്ടായില്ല.






