
തിരുവനന്തപുരം: ഷിരൂരില്‍ കാണാതായ അര്ജുന് വേണ്ടിയുള്ള തെരച്ചില്‍ ഒമ്പതാം ദിവസത്തിലേക്ക് കടന്നിരിക്കെ ഇന്ന് ഷിരൂരില്‍ അത്യാധുനിക സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തും. ഇന്നും ഗംഗാവലി നദിയിലാണ് തെരച്ചില്‍ നടത്തുക. ലോഹഭാഗങ്ങള്‍ ഉണ്ടെന്ന് സോണാര്‍ സിഗ്നല്‍ കിട്ടിയ ഭാഗത്ത് ആധുനിക ഉപകരണം ഉപയോഗിച്ചുള്ള പരിശോധന നടക്കും.
കരസേനയുടെ റഡാര്‍ പരിശോധനയിലും ഇതേ ഭാഗത്ത് സിഗ്നല്‍ കിട്ടിയിരുന്നു. നദിക്കരയില്‍ നിന്ന് 40 മീറ്റര്‍ അകലെയാണ് സോണാര്‍ സിഗ്നല്‍ ലഭിച്ചത്. ലോറിയോ മറിഞ്ഞുവീണ വലിയ ടവറിന്റെ ഭാഗങ്ങളോ ആകാം ഇതെന്നാണ് കരുതുന്നത്. രണ്ട് കിലോമീറ്റര്‍ അധികം റേഞ്ച് ഉള്ള ഡ്രോണ്‍ സംവിധാനമാണ്. കര, നാവിക സേനകള്‍ ചേര്‍ന്ന് തെരച്ചില്‍ നടത്തുന്നത്.
അര്‍ജുനെ കണ്ടെത്തുന്നതിനായി അത്യാധുനിക സ്കാനര്‍ ഇന്ന് ഷിരൂരിലെത്തിക്കും. സൈനിക ആവശ്യങ്ങള്‍ക്ക് വേണ്ടി ഉത്തര്‍പ്രദേശിലെ ഒരു സ്വകാര്യ കമ്പനിയാണ് ഈ സംവിധാനം നിര്‍മ്മിച്ചിരിക്കുന്നത്. ഡ്രോണ്‍ സംവിധാനത്തില്‍ സ്കാനര്‍ ഘടിപ്പിച്ചാണ് പരിശോധന. 8 മീറ്ററും 90 മീറ്ററും വരെ ആഴത്തില്‍ പരിശോധന നടത്താവുന്ന രണ്ട് സ്കാനറുകളുണ്ട്. നദിയില്‍ അടിയോഴുക്ക് ശക്തമായതിനാല്‍ ഇന്നലെ സ്കൂബ ഡ്രൈവര്‍മാര്‍ക്ക് കാര്യമായി തെരച്ചില്‍ നടത്താന്‍ ആയിരുന്നില്ല.
എലീന എന്ന സാറ്റ്ലൈറ്റ് ബെയ്സ്ഡ് നാവിഗേഷന്‍ സിസ്റ്റം ഉപയോഗിച്ച് അര്‍ജുന്റെ ലോറി കണ്ടെത്താനുള്ള പരിശോധനകളാണ് ഇന്ന് നടക്കുക. ഡ്രോണ്‍ ബെയ്സ്ഡ് ഡിറ്റക്ഷന്‍ സിസ്റ്റം ഉപയോഗിച്ചുള്ള പരിശോധന നാളെ. രണ്ടര കിലോമീറ്റര്‍ ഉയരത്തില്‍ പറക്കാന്‍ കഴിയുന്ന 20 മീറ്റര്‍ ആഴത്തിലുള്ള ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന ഉപകരണമാണ് ഡ്രോണ്‍ ബെയ്സ്ഡ് ഡിറ്റക്ഷന്‍ സിസ്റ്റം.
നാളെ ഉച്ചയോടെ ഈ സിസ്റ്റം ഉപയോഗിച്ചുള്ള പരിശോധന ആരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്. വിരമിച്ച മലയാളി കരസേന ഉദ്യോഗസ്ഥന് എം ഇന്ദ്രബാല്‍ ദൗത്യത്തിന്റെ ഭാഗമാകും. അര്ജുന് ഉള്‍പ്പെടെ മൂന്ന് പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.






