
കണക്ടികട്ട്: രാത്രിയില്‍ കാറിനുള്ളില്‍ കയറിക്കൂടി രാവിലെ പുറത്ത് കടക്കാനാവാതെ വന്നതോടെ കാര്‍ തകര്‍ത്ത് കരടിയും കുഞ്ഞുങ്ങളും. അമേരിക്കയിലെ കണക്ടികട്ടിലാണ് സംഭവം. വ്യാഴാഴ്ച രാവിലെ കാറില്‍ നിന്ന് അസാധാരണ ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയ വീട്ടുകാരാണ് കാറിനുള്ളില്‍ കരടികളെ ശ്രദ്ധിക്കുന്നത്. കാറിനുള്ളിലായി കുടുങ്ങി പോയ അമ്മയേയും സഹോദരനെയും രക്ഷിക്കാനുള്ള ശ്രമത്തില്‍ മറ്റൊരു കരടി കാര്‍ പുറത്ത് നിന്നും ആക്രമിച്ചിരുന്നു.
തുടര്‍ന്ന് വീട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കാര്‍ തുറന്നതോടെ അമ്മയും കുഞ്ഞും സമീപത്തെ കാട്ടിലേക്ക് ഓടിമറയുകയായിരുന്നു. കാറിന്റെ ഇന്റീരിയറിന് കേടുപാടുകളുണ്ടെങ്കിലും പൂര്‍ണമായി നശിച്ചിട്ടില്ലെന്നാണ് വീട്ടുകാര്‍ പ്രതികരിക്കുന്നത്. കാര്‍ തുറന്നാണ് കരടികള്‍ അകത്ത് കയറിയതാവാം എന്നാണ് വനംവകുപ്പ് സംഭവത്തേക്കുറിച്ച് വിശദമാക്കുന്നത്. എന്നാല്‍ എങ്ങനെയാണ് ഡോര്‍ തുറന്നതെന്ന് ഇനിയും വ്യക്തത വന്നിട്ടില്ല.
കഴിഞ്ഞ ഒരാഴ്ചയോളമായി മേഖലയില്‍ കരടി അടക്കമുള്ള വന്യജീവികളുടെ സാന്നിധ്യമുണ്ട്. കണക്ടികട്ട് സംസ്ഥാനത്തെ കരടികളുടെ എണ്ണം കൂടിയതിന് ഉദാഹരണമാണ് സംഭവമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ശനിയാഴ്ച ചെഷയറിന് സമീപത്ത് വീടിന് പിന്‍വശത്ത് നിന്നിരുന്ന സ്ത്രീയെ കരടി ആക്രമിച്ചിരുന്നത്. ഗുരുതരമായി പരിക്കേറ്റ ഇവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. കഴിഞ്ഞ ഞായറാഴ്ച 227 കിലോ ഭാരമുള്ള ഒരു കരടിയെ ദേശീയപാതയില്‍ വാഹനമിടിച്ച് ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു.






