
മേപ്പാടി: വില്ലേജ് ഓഫീസില്‍നിന്നു മുന്നറിയിപ്പു ലഭിച്ചതുകൊണ്ടാണ് പ്രദേശത്തുനിന്നു മാറിത്താമസിച്ചതെന്ന് ഉരുള്‍പൊട്ടലില്‍നിന്നു രക്ഷപ്പെട്ട വെള്ളാര്‍മല നിവാസി അണ്ണയ്യന്. വെള്ളാര്‍മല വില്ലേജ് ഓഫീസിനു സമീപമാണു താമസിച്ചിരുന്നത്. തിങ്കളാഴ്ച രാവിലെയോടെ വീടുകളില്‍ വെള്ളം കയറിയിരുന്നു. ഇതോടെയാണ് അണ്ണയ്യന് ബന്ധു വീട്ടിലേക്കു താമസം മാറിയത്.
രാത്രി ഒന്നരയോടെ എന്തോ ഇടിഞ്ഞു വീഴുന്ന വലിയ ശബ്ദം കേട്ടു. എത്തിയപ്പോഴേക്കും പ്രദേശമാകെ ഒലിച്ചുപോയി. വീടു നിന്നിടത്ത് ചെളിയും പാറയും വന്നു മൂടി്. ജീവന് മാത്രമാണ് ഇനി സമ്പാദ്യമായി ബാക്കിയുള്ളതെന്ന് അണ്ണയ്യന് പറയുന്നു. 2018-19 കാലത്ത് ഇത്രയും ഭീകരത ഇല്ലായിരുന്നുവെന്നും അണ്ണയ്യന് ഓര്‍മിക്കുന്നു. ഓരോ നിമിഷവും മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ക്കു ലഭിച്ചുകൊണ്ടിരിക്കുകയാണെന്നും അണ്ണയ്യന് പറഞ്ഞു.
ഉരുള്‍പൊട്ടലിന്റെ പ്രഭവ കേന്ദ്രമെന്നു സംശയിക്കുന്ന മുണ്ടക്കൈ പുഞ്ചിരിവട്ടത്ത് ഒന്നും അവശേഷിക്കുന്നില്ലെന്നു പ്രദേശവാസിയായ ശ്രീനിവാസന് പറഞ്ഞു. പുഞ്ചിരിവട്ടത്തെ ലയത്തില്‍ പാടികള്‍ ഉണ്ടായിരുന്നു. ലയത്തില്‍ ജോലി ചെയ്തിരുന്ന അന്യസംസ്ഥാന തൊഴിലാളികളാണ് അതില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ ഇവിടെ ഒന്നും അവശേഷിക്കുന്നില്ലെന്നും ശ്രീനിവാസന് പറയുന്നു.
അതേസമയം, വെള്ളാര്‍മല സ്കൂളിലെ 19 വിദ്യാര്‍ഥികളെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്ന് വെള്ളാര്‍മല വി.എച്ച്.എസ്.എസിലെ പ്രിന്‍സിപ്പല്‍ ഭവ്യ അറിയിച്ചു. 552 കുട്ടികളാണ് സ്കൂളില്‍ ഉണ്ടായിരുന്നത്. ഇതില്‍ 533 കുട്ടികളെയും ബന്ധപ്പെട്ടു. ഇവര്‍ സുരക്ഷിതരാണ്.
2018ലെ പ്രളയത്തിനു ശേഷം കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായി ചൂരല്‍മല ഉരുള്‍പൊട്ടല്‍. ചൂരല്‍മല അങ്ങാടി ഇല്ലാതായി. എത്ര വീടുകള്‍ നശിച്ചുവെന്ന് കൃത്യമായ കണക്കില്ല. മുണ്ടക്കൈയിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തിക്കൊണ്ടിരിക്കുന്നതേയുള്ളൂ. ഇന്നലെ രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മുണ്ടക്കൈയില്‍ പല വീടുകളുടേയും തറ മാത്രമാണ് ബാക്കിയുണ്ടായത്.
മൃതദേഹങ്ങള്‍ പല ഭാഗത്തായി കിടക്കുകയാണ്. നിരവധി മൃതദേഹങ്ങള്‍ മുണ്ടക്കൈയില്‍ കൂട്ടിയിട്ടിരിക്കുകയാണ് എന്നാണ് വിവരം. ഇവ മേപ്പടിയിലേക്ക് എത്തിക്കാന്‍ സാധിച്ചിട്ടില്ല. തകര്‍ന്ന കെട്ടിടങ്ങളുടെ മുകളില്‍ ഉള്‍പ്പെടെ മൃതദേഹങ്ങള്‍ കണ്ടതായി മുണ്ടക്കൈയില്‍നിന്ന് വിവരം ലഭിച്ചു. മുണ്ടക്കൈയില്‍ ഉണ്ടായിരുന്ന ചില വാഹനങ്ങളില്‍ മൃതദേഹങ്ങള്‍ എത്തിച്ച് സ്ട്രച്ചറില്‍ കയറില്‍ കെട്ടിത്തൂക്കിയാണ് അക്കരെ കടത്തുന്നത്.
ഇതിനിടെ പുഴയില്‍ അപ്രതീക്ഷിമായി വെള്ളം ഉയരുന്നതും പ്രതിസന്ധിയാണ്. വീടുകള്‍ തകര്‍ന്നതോടെ ഭക്ഷണം വെള്ളവുമില്ലാത വലയുകയാണു നാട്ടുകര്‍. വൈദ്യുതിയില്ലാതെ 12 മണിക്കൂര്‍ കഴിഞ്ഞതോടെ പലരുടെയും ഫോണുകള്‍ സ്വിച്ച് ഓഫ് ആയതും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.






