
ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ ഗിലകാലഡിണ്ടി എന്ന തീരദേശ ഗ്രാമത്തില്‍ മത്സ്യത്തൊഴിലാളികള്‍ 1500 കിലോഗ്രാം ഭാരമുള്ള രണ്ട് തിമിംഗല സ്രാവുകളെ പിടികൂടി. ഭീമാകാരമായ തിമിംഗലത്തെ ക്രെയിന്‍ ഉപയോഗിച്ചാണ് ഇവര്‍ തീരത്ത് എത്തിച്ചത്. ഗിലകാലഡിണ്ടി തുറമുഖത്ത് എത്തിച്ച തിമിംഗലങ്ങളെ കാണാന്‍ നൂറുകണക്കിന് ആളുകളാണ് തീരത്ത് തടിച്ചു കൂടിയത്. തിമിംഗല സ്രാവുകള്‍ ചുക്ക സൊറ (Chukka Sora) മത്സ്യങ്ങള്‍ എന്നാണ് പ്രാദേശികമായി അറിയപ്പെടുന്നത്. പ്രദേശത്തെ മത്സ്യത്തൊഴിലാളിയായ വിശ്വനാഥപള്ളി വീരബാബുവിന്റെ വലയിലാണ് ഇവ കുടുങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. മത്സ്യത്തൊഴിലാളികള്‍ ജെസിബി ലോഡറിന്റെ സഹായത്തോടെയാണ് ഇവയെ പുറത്തെടുത്തത്.
ജൂലൈ 26 വെള്ളിയാഴ്ച തങ്ങള്‍ രണ്ട് വലിയ മത്സ്യങ്ങളെ പിടികൂടിയെന്നും, അതില്‍ ഒന്നിന് ജീവന് ഇല്ലായിരുന്നു എന്നുമാണ് മത്സ്യത്തൊഴിലാളി സംഘം പറയുന്നത്. വിപണി മൂല്യമില്ലാത്ത ചുക്ക സൊറ ഇനത്തില്‍പ്പെട്ട മത്സ്യത്തെയാണ് പിടികൂടിയത് എന്നും അതുകൊണ്ടുതന്നെ പിടികൂടുമ്പോള്‍ ജീവന് ഉണ്ടായിരുന്ന ഒരു മത്സ്യത്തെ കടലിലേക്ക് തന്നെ തിരിച്ചിട്ടതായും ഇവര്‍ കൂട്ടിച്ചേര്‍ത്തു. കരയിലെത്തിച്ച ചത്ത മത്സ്യത്തിന് 1500 കിലോഗ്രാം ഭാരമുണ്ടായിരുന്നു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തില്‍ കടല്‍ പ്രക്ഷുബ്ധമാവുകയും വന്‍തോതില്‍ മത്സ്യങ്ങള്‍ അറിയാതെ തീരത്തേക്ക് അടുക്കുകയും ചെയ്തതാണ് വലയില്‍ ഇത്തരത്തില്‍ മത്സ്യങ്ങള്‍ കുടുങ്ങാന്‍ കാരണമായത് എന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.






