
കൊച്ചി : വയനാട് ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തകാരണം വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരിനു ദേശീയ ഹരിത ട്രിബ്യൂണല്‍ (എന്‍.ജി.ടി.) നിര്‍ദേശം. കരിങ്കല്‍ ക്വാറികള്‍ക്കു അനധികൃതമായി പെര്‍മിറ്റ് നല്കിയതാണോ, പരിസ്ഥിതി നാശമാണോ കാരണമെന്നു പരിശോധിക്കണമെന്നും മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ എടുത്ത കേസില്‍ ചെന്നൈ ആസ്ഥാനമായ എന്‍.ജി.ടി. ദക്ഷിണമേഖലാ ബഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
കേരള ദുരന്ത നിവാരണ അഥോറിറ്റി ചെയര്മാന് കൂടിയായ സംസ്ഥാന ചീഫ് സെക്രട്ടറിയോടു ഇന്നുതന്നെ റിപ്പോര്‍ട്ടു നല്‍കാനാണു നിര്‍ദേശം. മാധ്യമ വാര്‍ത്തകളുടെ റിപ്പോര്‍ട്ടുകളും സര്‍ക്കാരിനു അയച്ചിട്ടുണ്ട്. ഉത്തരവിന്റെ പകര്‍പ്പ് എന്‍.ജി.ടി. ഉത്തരവിന്റെ പകര്‍പ്പ് മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിനും പരിസ്ഥിതി വകുപ്പിനും കൈമാറി.
1950 നും 2018 നും ഇടയില്‍ വയനാട് ജില്ലയിലെ വനവിസ്തൃതി 62 ശതമാനമാണു കുറഞ്ഞത്. ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ.എസ്.ആര്.ഒയുടെ ദേശീയ വിദൂര സംവേദന കേന്ദ്രം കഴിഞ്ഞ വര്‍ഷത്തെ പഠന റിപ്പോര്‍ട്ട് പ്രകാരം ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത കൂടിയ ഇന്ത്യയിലെ 30 ജില്ലകളില്‍ 13-ാം സ്ഥാനത്താണ് വയനാട്. വയനാട്ടില്‍ പശ്ചിമ ഘട്ടത്തിന്റെ കിഴക്കന്‍ ചെരിവില്‍നിന്നു 4,000 ല്‍പരം കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കണമെന്നു നാലു വര്‍ഷം മുമ്പു സംസ്ഥാന ദുരന്തകാര്യ അതോറിറ്റി തന്നെ നിര്‍ദേശിച്ചതാണ്.
2018 ല്‍ നൂറോളം മണ്ണിടിച്ചില്‍ സംഭവങ്ങള്‍ വയനാട്ടിലും സമീപ പശ്ചിമ ഘട്ട മേഖലകളിലുമുണ്ടായി. ഇതിനുപുറമേയാണു കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍. കേരളത്തില്‍ അടിക്കടി അപ്രതീക്ഷിതായി കനത്ത മഴയും നാശവും ഉണ്ടാകുന്നതിനു കാലാവസ്ഥ വ്യതിയാനവുമായുള്ള അടുത്ത ബന്ധം പരിസ്ഥിതി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ അതിലെ ശിപാര്‍ശകള്‍ നടപ്പാക്കുന്നതിനു പകരം രാഷ്ട്രീയ കാരണങ്ങളാല്‍ ഗാഡ്ഗില്‍ മുന്നോട്ടുവച്ച നിര്‍ദേശം ജനതാല്‍പര്യമെന്ന പേരില്‍ തുടര്‍ച്ചയായി അവഗണിക്കപ്പെടുന്നതും ദുരന്തം ക്ഷണിച്ചു വരുത്തുന്നതാണെന്നുമുള്ള റിപ്പോര്‍ട്ടുകളിലാണു എന്‍.ജി.ടി. സര്‍ക്കാരിന്റെ മറുപടി തേടിയിരിക്കുന്നത്.






