
ആലപ്പുഴ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നെഹ്റുട്രോഫി വള്ളംകളി മാറ്റിവെച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ജില്ലയിലെ മന്ത്രിമാരായ പി.പ്രസാദും സജി ചെറിയാനും നടത്തിയ കൂടിയാലോചനയിലാണ് തീരുമാനമായത്. തുടർന്ന് കളക്ടറേറ്റിൽ നെഹ്റു ട്രോഫി സബ് കമ്മിറ്റി യോഗം ചേർന്ന് ജില്ല കളക്ടർ അലക്സ് വർഗീസാണ് ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് 10നാണ് വള്ളംകളി നടക്കേണ്ടത്. ക്ലബ്ബുകളും സംഘാടകരുമായി ആലോചിച്ച് മറ്റൊരു ദിവസം നടത്താനാണ് ആലോചന.
നേരത്തെ നിശ്ചയിച്ച സാംസ്കാരി ഘോഷയാത്രയും കലാസന്ധ്യയും മറ്റ് പരിപാടികളും പൂർണമായും ഒഴിവാക്കി മത്സരം മാത്രമായി നടത്തണമെന്ന് ഒരു വിഭാഗം ക്ലബ്ബുകളും സംഘാടകരും ആവശ്യപ്പെട്ടിരുന്നു. മാസങ്ങൾ നീണ്ട തയ്യാറെടുപ്പിൽ വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നായിരുന്നു ഇവർ ചൂണ്ടിക്കാണിച്ചത്.
അതേസമയം കേരളം കണ്ട ഏറ്റവും വലിയദുരന്തത്തിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പ് വള്ളംകളി നടത്തുന്നത് ഉചിതമല്ലെന്ന അഭിപ്രായം വിവിധ കോണുകളിൽ നിന്നുയർന്നു. ഇതോടെ തീരുമാനം സർക്കാരിന് വിടാൻ ജില്ലാഭരണകൂടം തീരുമാനിക്കുകയായിരുന്നു.






