
കല്‍പ്പറ്റ : വയനാട് ഉരുൾപൊട്ടലിൽ മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങളിലെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലെയും ചാലിയാറിലെയും തിരച്ചിലാണ് അവസാനിപ്പിച്ചത്. ചാലിയാറിൽ നാളെ രാവിലെ 7 മണിയോടെ രണ്ട് ഭാഗങ്ങളായി തെരച്ചിൽ പുനരാരംഭിക്കും. ചാലിയാറിലെ തിരച്ചിൽ തിങ്കളാഴ്ചയോടെ അവസാനിപ്പിക്കു മെന്ന് ഇന്നത്തെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
നാല് മൃതദേഹങ്ങളാണ് ദുരന്തഭൂമിയിൽ നിന്നും ഇന്ന് കണ്ടെടുത്തത്. അഞ്ചാം ദിവസവും ആരെയും ജീവനോടെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ചാലിയാറിൽ നിന്ന് ഇന്ന് കണ്ടെത്തിയത് 12 മൃതദേഹങ്ങളാണ്. ചാലിയാറിൽ വിപുലമായ തെരച്ചിൽ നടത്താനാണ് തീരുമാനം. പുഴ ഗതിമാറിയൊഴുകിയ സ്ഥലങ്ങളിലടക്കം തിങ്കളാഴ്ച പരിശോധന നടത്തും. തിങ്കളാഴ്ചയോടെ പരിശോധന അവസാനിപ്പിക്കാനാണ് തീരുമാനം.
ഇന്ന് തമിഴ്നാടിന്റെ ഫയർഫോഴ്സ് ഡോഗ് സ്ക്വാഡിന്റെ സഹകരണം കൂടി ഇന്ന് ലഭിച്ചിരുന്നു. നാളെയും ഇതേ രീതിയിൽ തന്നെ പരിശോധന തുടരും. വിവിധ സംഘങ്ങളായി തിരിഞ്ഞ് പുഞ്ചിരിമട്ടം, ചൂരൽമല, മുണ്ടക്കൈ ഒപ്പം തന്നെ സൂചിപ്പാറയിലെ താഴ്ഭാഗങ്ങൾ, ചാലിയാർ പുഴയിലെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിലെ പരിശോധനയും തുടരും.
ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 353 ആയി. ഇനിയും നിരവധി പേരെയാണ് കണ്ടെത്താനുള്ളത്. 93 ദുരിതാശ്വാസ ക്യാമ്പുകളിലായി 14042 പേർ താമസിക്കുന്നുണ്ട്. 148 മൃത ശരീരങ്ങൾ കൈമാറി. 206 പേരെ ഇനിയും കണ്ടെത്തേണ്ടതായിട്ടുണ്ട്. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾ പൊതുശ്മശാനങ്ങളിൽ സംസാരിക്കും. സർവ്വമത പ്രാർത്ഥനയോടെ ആയിരിക്കും സംസ്കാരം നടത്തുക.






