
ന്യൂഡല്‍ഹി: ബംഗ്ളാദേശില്‍ ഉണ്ടായിരിക്കുന്ന അസ്ഥിരമായ സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ ഇന്ത്യന്‍ വിസ അപേക്ഷാ കേന്ദ്രങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടും. നേരത്തേ ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സ്ഥാനം രാജിവെച്ച് രാജ്യത്ത് നിന്നും പാലായനം ചെയ്തിരുന്നു. സൈന്യത്തിന്റെ പിന്തുണയുള്ള ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമം നടക്കുകയാണ്.
അസ്ഥിരമായ സാഹചര്യം കാരണം എല്ലാ ഐവിഎസി കളും കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിരിക്കും. അടുത്ത അപേക്ഷാ തീയതി എസ്എംഎസ് വഴി അറിയിക്കുമെന്നും അടുത്ത പ്രവൃത്തി ദിവസം പാസ്പോര്‍ട്ട് എടുക്കാന്‍ അഭ്യര്‍ത്ഥിക്കുന്നതായുമാണ് ഇന്ത്യന്‍ വിസയ്ക്ക് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ നല്‍കിയിരിക്കുന്ന സന്ദേശം. ഇന്ത്യന്‍ ഹൈക്കമ്മീഷന് ബംഗ്ലാദേശിലെ കോണ്‍സുലേറ്റുകളില്‍ നിന്നും അനിവാര്യമല്ലാത്ത ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും കഴിഞ്ഞദിവസം ഒഴിപ്പിച്ചിരുന്നു. എന്നിരുന്നാലും, ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ രാജ്യത്ത് തുടരുന്നുണ്ടെന്നും ദൗത്യങ്ങള്‍ പ്രവര്‍ത്തനക്ഷമമാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവും ഗ്രാമീണ്‍ ബാങ്ക് സ്ഥാപകനുമായ മുഹമ്മദ് യൂനുസാണ് കാവല്‍ സര്‍ക്കാരിനെ നയിക്കുക. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ ഇന്ത്യയ്ക്ക് ഒരു ഹൈക്കമ്മീഷനും ചിറ്റഗോംഗ്, രാജ്ഷാഹി, ഖുല്‍ന, സില്‍ഹെറ്റ് എന്നിവിടങ്ങളില്‍ കോണ്‍സുലേറ്റുകളും ഉണ്ട്. ബംഗ്ലാദേശിലെ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സര്‍ക്കാരിനെതിരായ വന്‍ പ്രതിഷേധം 76 കാരനായ നേതാവിനെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതനാക്കി.
ബംഗ്ലാദേശില്‍ ഏകദേശം 19,000 ഇന്ത്യന്‍ പൗരന്മാരുണ്ടെന്നും അതില്‍ 9,000 വിദ്യാര്‍ത്ഥികളുണ്ടെന്നും അയല്പക്കത്തെ സ്ഥിതിഗതികളെ കുറിച്ച് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് മടങ്ങിയിട്ടുണ്ട്. അവിടെയുള്ള ഇന്ത്യന്‍ സമൂഹവുമായി സര്‍ക്കാര്‍ അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശില്‍ താമസിക്കുന്ന ന്യൂനപക്ഷങ്ങളുടെ സാഹചര്യം സര്‍ക്കാര്‍ നിരീക്ഷിച്ചു വരികയാണെന്നും പറഞ്ഞു.






