
കൊല്‍ക്കത്ത: ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തല മുതിര്‍ന്ന നേതാവും ബംഗാളിലെ അവസാന സിപിഎം മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ (80) അന്തരിച്ചു. ഇന്ന് രാവിലെ 9.30 യോടെ കൊല്‍ക്കത്തയിലെ സ്വന്തം വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളായി ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തനങ്ങളൊക്കെ അവസാനിപ്പിച്ച് സ്വന്തം വീട്ടില്‍ വിശ്രമജീവിതത്തിലായിരുന്നു.
ശ്വാസകോശവുമായി ബന്ധപ്പെട്ട രോഗത്താല്‍ കഴിയുകയായിരുന്നു. ബംഗാളില്‍ കാല്‍നൂറ്റാണ്ട് ഭരണം നടത്തിയ ജ്യോതിബസുവിന്റെ പിന്‍ഗാമിയായിട്ടായിരുന്നു ബുദ്ധദേവിന്റെ വരവ്. സിപിഎമ്മിന്റെ ബംഗാളിലെ അവസാന മുഖ്യമന്ത്രിയായ അദ്ദേഹം 11 വര്‍ഷമാണ് ബംഗാളിലെ മുഖ്യമന്ത്രിയായി ഇരുന്നത്. 2000 മുതല്‍ 2011 വരെയായിരുന്നു അദ്ദേഹത്തിന്റെ കാലയളവ്.
സിപിഎമ്മിന്റെ ഉന്നത തീരുമാനങ്ങള്‍ എടുക്കുന്ന പൊളിറ്റ് ബ്യൂറോയിലെ മുന്‍ അംഗം കൂടിയായ ഭട്ടാചാര്യയെ പരാജയപ്പെടുത്തിയാണ് തൃണമൂല്‍ കോണ്‍ഗ്രസും മമതാബാനര്‍ജി അധികാരത്തിലെത്തിയത്. 34 വര്‍ഷത്തെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിപ്പിച്ചുകൊണ്ടാണ് മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് 2011 ല്‍ ചരിത്ര വിജയം നേടിയത്.
ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് കുറച്ചു നാളായി അസുഖ ബാധിതനായിരുന്നു. കഴിഞ്ഞ വര്‍ഷം ന്യുമോണിയ ബാധിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തിന് ലൈഫ് സപ്പോര്‍ട്ട് നല്‍കേണ്ടി വന്നു. സിപിഎം നേതാവ് തിരിച്ചുവരവ് നടത്തി.
ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ നിര്യാണത്തിൽ ബംഗാൾ ഗവർണർ ഡോ സിവിആനന്ദബോസ് അനുശോചിച്ചു. ലളിതജീവിതവും ഉയർന്ന ചിന്തയും സാഹിത്യസാംസ്കാരികപ്രതിപത്തിയും കൊണ്ട് എല്ലാവിഭാഗം ജനങ്ങളുടെയും സ്നേഹബഹുമാനങ്ങൾ ആർജിച്ച നേതാവായിരുന്നു ബുദ്ധദേവ് എന്ന് അനുശോചനസന്ദേശത്തിൽ ഗവർണർ അനുസ്മരിച്ചു.






