
പാലക്കാട്: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പാലക്കാട് കർഷകൻ ആത്മഹത്യ ചെയ്തു. നെന്മാറ ഇടിയംപൊറ്റ സ്വദേശി സോമനാണ് മരിച്ചത്. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. കൃഷി നശിച്ചുവെന്നും വായ്പ തിരിച്ചടവ് മുടങ്ങിയെന്നുമാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. സ്വന്തം ഭൂമിയിലും പാട്ടത്തിനെടുത്തും നെൽ കൃഷിയായിരുന്നു ചെയ്ത് വരുതയായിരുന്നു സോമന്.
കഴിഞ്ഞ കുറച്ച് നാളുകളായി വലിയ രീതിയിലുള്ള മാനസിക സമ്മർദ്ദത്തിലായിരുന്നു സോമൻ. കൃഷി നശിച്ചതിനെ തുടർന്ന് വിവിധ ബാങ്കുകളിൽ ഉണ്ടായിരുന്ന വായ്പ തിരിച്ചടവുകൾ മുടങ്ങുന്ന സാഹചര്യമുണ്ടായിരുന്നു. വലിയ രീതിയിലുള്ള സാമ്പത്തിക ബാധ്യതയും ഉണ്ടായിരുന്നുവെന്നും ഇതുകൊണ്ടായിക്കാം സോമൻ ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കൾ പറഞ്ഞു.
മൃതദേഹം ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തീകരിച്ച ശേഷം ജില്ലാ ആശുപത്രിയിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പ് നടക്കുകയാണ്. ജില്ലാ ആശുപത്രിയിൽ വെച്ചായിരിക്കും പോസ്റ്റ്മോര്‍ട്ടം ഉൾപ്പെടെയുള്ള നടപടികൾ നടത്തുക. അതിന് ശേഷമായിരിക്കും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയെന്നാണ് വിവരം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)






