
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ഉപമുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയയ്ക്ക് ജാമ്യം നല്കി. സിബിഐയും ഇ.ഡി.യും റജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളില്‍ സുപ്രീംകോടതിയാണ് ജാമ്യം നല്‍കിയത്. ഒന്നര വര്‍ഷത്തിന് ശേഷമാണ് അദ്ദേഹം ജയില്‍ മോചിതനാകുന്നത്. സിസോദിയ രാജ്യം വിടുമെന്ന് കരുതാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
ആം ആദ്മി പാര്‍ട്ടി നേതാവിന് വേഗത്തിലുള്ള വിചാരണയ്ക്ക് അര്‍ഹതയുണ്ടെന്നും അദ്ദേഹത്തെ വിചാരണ കോടതിയിലേക്ക് തിരിച്ചയക്കുന്നത് നീതിയെ അപഹസിക്കലാണെന്നും ജസ്റ്റിസുമാരായ ബി ആര് ഗവായ്, കെ വി വിശ്വനാഥന് എന്നിവര്‍ വിധിയില്‍ പറഞ്ഞു. ''18 മാസത്തെ ജയില്‍വാസം... വിചാരണ പോലും ആരംഭിക്കാത്തതിനാല്‍ വേഗത്തിലുള്ള വിചാരണയ്ക്കുള്ള അവകാശം അപ്പീല്ക്കാരന് നിഷേധിക്കപ്പെട്ടു. വിചാരണക്കോടതിയും ഹൈക്കോടതിയും ഇതിന് അര്‍ഹമായ വെയിറ്റേജ് നല്‍കണം...'' ജസ്റ്റിസ് ഗവായ് പറഞ്ഞു.
ശിക്ഷയായി ജാമ്യം തടഞ്ഞുവയ്ക്കേണ്ടതില്ലെന്നത് കോടതികള്‍ മറന്നു. 'അപ്പീല്‍ക്കാരനെ പരിധിയില്ലാത്ത കാലത്തേക്ക് ജയിലില്‍ നിര്‍ത്തുന്നത് മൗലികാവകാശത്തെ നിഷേധിക്കും. അപ്പീലിന് സമൂഹത്തില്‍ ആഴത്തിലുള്ള വേരോട്ടമുണ്ട്... പലായനം ചെയ്യുമെന്ന ആശങ്കയില്ലെന്നും വേണമെങ്കില്‍ വ്യവസ്ഥകള്‍ ചുമത്താമെന്നും കോടതി പറഞ്ഞു. ഫെഡറല്‍ ഏജന്‍സികള്‍ കേസ് കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് സുപ്രീം കോടതി നിരവധി നിര്‍ണായക നിരീക്ഷണങ്ങളും നടത്തി. 493 സാക്ഷികള്‍ ഉള്‍പ്പെടെയുള്ള കേസില്‍ വിചാരണ സമീപ ഭാവിയിലെങ്ങും അവസാനിക്കാന്‍ സാധ്യതയില്ലെന്നും ചൂണ്ടിക്കാട്ടി.






