
കൊച്ചി : തീരദേശ നിയമം ലംഘിച്ചു കൊച്ചി മരടില്‍ ഫ്ളാറ്റ് നിര്‍മിച്ച ഹോളി ഫെയ്ത്ത് ഫ്ളാറ്റ് നിര്‍മ്മാതാക്കളുടെ ആസ്തിവിവരങ്ങള്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. സര്‍ക്കാരിലേക്ക് അടയ്ക്കേണ്ട നഷ്ടപരിഹാരത്തുക നല്‍കാത്ത സാഹചര്യത്തിലാണു കമ്പനി ഉടമകളുടെ സ്വത്തിനെപ്പറ്റിയും നടപടികളെപ്പറ്റിയും അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെ നിയോഗിച്ചത്. പ്രത്യേക സംഘം രൂപവത്കരിക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്കി.
സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരമാണു നടപടി. ഹോളി ഫെയ്ത്ത് ബില്‍ഡേഴ്സിന്റെ 18 കോടി രൂപയുടെ ബാങ്ക് അക്കൗണ്ട് ക്രൈംബ്രാഞ്ച് മരവിപ്പിച്ചിട്ടുണ്ട്. അപ്പാര്‍ട്ട്മെന്റ്് ഉടമകള്‍ക്കു സര്‍ക്കാരാണ് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കിയത്. ഈ തുക നിര്‍മ്മാതാക്കളില്‍ നിന്ന് ഈടാക്കണമെന്ന നിര്‍ദ്ദേശത്തോടെയായിരുന്നു നഷ്ടപരിഹാരം നല്കാന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്. എന്നാല്‍, ഹോളി ഫെയ്ത്ത് പണമടയ്ക്കാതെ സര്‍ക്കാരിനെ കബളിപ്പിക്കുകയാണെന്നാണു സുപ്രീം കോടതിയുടെ വിലയിരുത്തല്‍.
അപ്പാര്‍ട്ട്മെന്റ് ഉടമകളില്‍നിന്നു വാങ്ങിയ പണം ബിനാമി പേരുകളില്‍ മറ്റെവിടെയെങ്കിലും നിക്ഷേപിച്ചിട്ടുണ്ടോ?, മറ്റു ബിസിനസ് ഇടപാടുകള്‍ നടത്തുന്നുണ്ടോ?, സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ആസ്തിവിവരം തുടങ്ങിയവ ക്രൈംബ്രാഞ്ച് പ്രത്യേകസംഘം അന്വേഷിക്കും.
സര്‍ക്കാരിനു കിട്ടേണ്ട പണം എത്രയും വേണം തിരിച്ചുപിടിക്കാനാണു കോടതി നിര്‍ദ്ദേശം. പണം നല്‍കാതെ സര്‍ക്കാരിനെ പറ്റിക്കാന്‍ ചില ഉദ്യോഗസ്ഥര്‍ ഫ്ളാറ്റ് ഉടമയെ സഹായിക്കുന്നു എന്ന സംശയവും കോടതിക്കുണ്ട്. ഇക്കാര്യവും ക്രൈംബ്രാഞ്ച് പരിശോധിക്കും.
അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കാന്‍ ജസ്റ്റിസ് കെ. ബാലകൃഷ്ണന് നായര്‍ അധ്യക്ഷനായ നഷ്ടപരിഹാര നിര്ണയസമിതിയോടു സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഫ്്ളാറ്റ് ഉടമയ്ക്കെതിരേ പ്രോസിക്യൂഷന് നടപടി തുടരാമെന്നു വ്യക്തമാക്കിയ സുപ്രീം കോടതി, ഈ വിഷയത്തില്‍ നേരത്തെ നല്കിയ ഉത്തരവുകളൊന്നും ഫ്ളാറ്റ് ഉടമ പാലിച്ചിട്ടില്ലെന്നും വിലയിരുത്തി.
മരടിലെ പൊളിച്ച ഫ്ളാറ്റുകളുടെ ഉടമകള്‍ക്കു പ്രാഥമിക നഷ്ടപരിഹാരമായി നാലു നിര്‍മ്മാതാക്കളും കൂടി നല്‍കേണ്ടത് 61.50 കോടി രൂപയാണ്. എന്നാല്‍, ആകെ ലഭിച്ചത് 4,89,86,000 രൂപ മാത്രമാണെന്നു ജസ്റ്റിസ് ബാലകൃഷ്ണന് നായര്‍ സമിതി സുപ്രീം കോടതിയെ അറിയിച്ചിരുന്നു. 9.25 കോടി നല്‍കേണ്ട ഗോള്‍ഡന്‍ കായലോരത്തിന്റെ നിര്‍മ്മാതാക്കള്‍ നല്‍കിയത് 2,89,86,000 രൂപയും 15.5 കോടി നല്‍കേണ്ട ജയിന് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ നല്കിയതു രണ്ടു കോടി രൂപയുമാണ്.
17.5 കോടി നല്‍കേണ്ട ആല്‍ഫ സെറീന്, 19.25 കോടി നല്‍കേണ്ട ഹോളി ഫെയ്ത്ത് എന്നിവ ഒരു രൂപ പോലും നല്‍കിയതായി സമിതി 2020 ല്‍ സുപ്രീം കോടതിയില്‍ എഴുതിനല്‍കിയ വാദത്തില്‍ രേഖപെടുത്തിയിട്ടില്ല. ഇതുവരെ 62 കോടി രൂപ നഷ്ടപരിഹാരം വിതരണം ചെയ്യാനായി സംസ്ഥാന സര്‍ക്കാര്‍ കൈമാറിയിട്ടുണ്ട്. ഈ തുക 248 ഫ്ളാറ്റ് ഉടമകള്‍ക്കായി വിതരണംചെയ്തു. 25 ലക്ഷം രൂപയാണ് ഓരോ ഫ്ളാറ്റ് ഉടമയ്ക്കും നല്‍കിയത്. ഈ തുകയാണു ഫ്ളാറ്റ് നിര്‍മ്മാതാക്കളില്‍നിന്നു സര്‍ക്കാരിനു തിരിച്ചുപിടിക്കേണ്ടത്.






