
കല്‍പ്പറ്റ: ദുരന്തത്തിനിരയായ വയനാട്ടിലെ ചൂരല്‍മലയില്‍ കൂടുതല്‍ ആളുകളുടെ വായ്പ എഴുതി തള്ളുമെന്ന് കേരളാബാങ്ക് വൈസ് പ്രസിഡന്റ് എം കെ കണ്ണന്. പ്രാഥമിക പട്ടികയില്‍ 9 പേരുടെ വായ്പകളാണ് എഴുതി തള്ളാന്‍ തീരുമാനിച്ചത്.
മുണ്ടക്കൈയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. കേരള ബാങ്ക് ചൂരല്‍മല ശാഖയിലെ വായ്പക്കാരില്‍ മരണപ്പെട്ട വരുടെയും ഈടു നല്കിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവന്‍ വായ്പകളും എഴുതി തള്ളാന്‍ ഭരണസമിതി യോഗം തീരുമാനിച്ചിരിക്കുകയാണ്. ചൂരല്‍മല ബ്രാഞ്ചില്‍ നിന്ന് ആകെ നല്കിയ വായ്പ 55 ലക്ഷമാണ്.
തുടര്‍ പരിശോധന നടത്തി ആവശ്യമെങ്കില്‍ കൂടുതല്‍ പേരുടെ വായ്പ എഴുതിത്തള്ളുമെന്നും പറഞ്ഞു. കേരള ബാങ്കിന്റെ മാതൃക മറ്റ് ബാങ്കുകളും പിന്തുടരണമെന്നും എം കെ കണ്ണന് പറഞ്ഞു. കേരള ബാങ്ക് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്. ജീവനക്കാരുടെ അഞ്ച് ദിവസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
കോര്‍പ്പറേറ്റുകളുടെ കോടിക്കണക്കിന് രൂപ എഴുതിത്തള്ളുന്ന മറ്റു ബാങ്കുകളും കേരളബാങ്കിന്റെ നടപടി പിന്തുടരണമെന്നും എം.കെ. കണ്ണന് പറഞ്ഞു. സമാനതകളില്ലാത്ത ദുരന്തത്തില്‍ പെട്ടവരുടെ വായ്പ എഴുതിത്തള്ളാന്‍ ബാങ്കുകള്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.






