
കൊച്ചി: വടകരയിലെ കാഫിര്‍ വ്യാജ സ്ക്രീന്‍ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബര്‍ ഗ്രൂപ്പുകളിലെന്ന് പോലീസ് ഹൈക്കോടതിയില്‍ അറിയിച്ചു. ആദ്യം ലഭിച്ചത് റെഡ് എന്‍കൗണ്ടര്‍ വാട്സ്ആപ്പ് ഗ്രൂപ്പിലാണ്. റെഡ് ബറ്റാലിയന് എന്ന വാട്സ്ആപ്പ് വഴിയും കാഫിര്‍ വ്യാജ സ്ക്രീന്‍ ഷോട്ട് ലഭിച്ചെന്നും പോലീസ് ഹൈക്കോടതിയില്‍ നല്കിയ വിശദമായ റിപ്പോര്‍ട്ടില്‍ പറയുന്നു.
' 2024 ഏപ്രില്‍ 25ന് ഉച്ചക്ക് 2.13ന് റെഡ് എന്‍കൗണ്ടര്‍ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് വടകരയിലെ കാഫിര്‍ സ്ക്രീന്‍ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത്. റബീഷ് എന്ന വ്യക്തിയാണ് ഇത് പോസ്റ്റ് ചെയ്തത്. ഏപ്രില്‍ 25ന് ഉച്ചക്ക് 2.34ന് റെഡ് ബറ്റാലിയന് വാട്സ്ആപ്പ് ഗ്രൂപ്പിലും സ്ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തു. അമല്‍ റാം എന്ന വ്യക്തിയാണ് അവിടെ പോസ്റ്റ് ചെയ്തത്. അന്നേ ദിവസം വൈകിട്ട് മൂന്നിന് അമ്പാടിമുക്ക് സഖാക്കള്‍ എന്ന ഫേസ്ബുക്ക് പേജില്‍ സ്ക്രീന്‍ഷോട്ട് പ്രചരിച്ചു. അതില്‍ അഡ്മിന് മനീഷ് ആണ് സ്ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തത്. രാത്രി 8.23ന് പോരാളി ഷാജിയുടെ ഫേസ്ബുക്ക് പേജിലും സ്ക്രീന്‍ഷോട്ട് പ്രചരിച്ചു. അഡ്മിന് അബ്ബാസ് ആണ് പോരാളി ഷാജി പേജില്‍ ഇത് പോസ്റ്റ് ചെയ്തത്.'-പോലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
റബീഷിനെ ചോദ്യം ചെയ്തിരുന്നു. സ്ക്രീന്‍ഷോട്ടിന്റെ ഉറവിടം അറിയില്ലെന്നാണ് ഇയാള്‍ പറഞ്ഞത്. പോരാളി ഷാജി പേജ് ഉടമ വഹാബ് അബ്ദുവിന്റെയും അമല്‍ റാം, റബീഷ്, മനീഷ് എന്നിവരുടെയും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് വിദഗ്ധ പരിശോധനയ്ക്കയച്ചെന്നും ഹൈക്കോടതിയില്‍ വടകര പോലീസ് അറിയിച്ചു. വ്യാജ സ്ക്രീന്‍ഷോട്ട് സംബന്ധിച്ചു മുസ്ലിം ലീഗ് പ്രവര്‍ത്തകനായ പി.കെ ഖാസിം നല്കിയ ഹര്‍ജി ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയിലാണുള്ളത്. ഇന്നലെ കോടതി ഹര്‍ജി പരിഗണിച്ചിരുന്നു.
കേസിലെ ഗൂഢാലോചന, വ്യാജ സ്ക്രീന്‍ ഷോട്ട് എന്നിവയെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കണമെന്നാണ് പി.കെ ഖാസിം നല്കിയ ഹര്‍ജിയിലെ ആവശ്യം. കേസ് ഡയറി ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്നും റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പോലീസ് ഇന്നലെ കോടതിയില്‍ പറഞ്ഞു.
കേസില്‍ പി.കെ ഖാസിമിന് എതിരെ പ്രഥമദൃഷ്ട്യാ തെളിവില്ലെന്നാണ് വടകര പോലീസ് ഹൈക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ട്.
വ്യാജ സ്ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്തതും പ്രചരിപ്പിച്ചതും പി.കെ ഖാസിമിന്റെ മൊബൈല്‍ ഫോണില്‍ നിന്നാണെന്ന് കണ്ടെത്താനായിട്ടില്ലെന്നു പോലീസ് നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.






