
കോഴിക്കോട്: വ്യാജ കാഫിര്‍ സ്ക്രീന്‍ഷോട്ട് കെ.കെ. ലതിക ഷെയര്‍ ചെയ്തത് തെറ്റെന്ന് പ്രതികരിച്ച് കെ.കെ. ഷൈലജ. പോസ്റ്റര്‍ ആര് ചെയ്താലും അത് ഇടതുപക്ഷത്തിന് എതിരാണെന്നും പറഞ്ഞു. എല്‍ഡിഎഫിന്റെ നന്മയ്ക്ക് വേണ്ടി ആരും അത് ചെയ്യില്ലെന്നും സ്ത്രീകള്‍ക്കിടയില്‍ ഇടതുപക്ഷത്തിന് അനുകൂല സാഹചര്യം ഉണ്ടെന്ന് കണ്ടായിരുന്നു നീക്കമെന്നും മട്ടന്നൂര്‍ എംഎല്‍എ പ്രതികരിച്ചു.
താന്‍ ലതികയെ ബന്ധപ്പെട്ടിരുന്നെന്നും അത് പങ്കുവെക്കേണ്ടിയിരുന്നില്ല എന്ന് പറഞ്ഞതായും ഷൈലജ പറഞ്ഞു. എന്നാല്‍ ഇങ്ങനെയൊക്കെ നടക്കുന്നുണ്ടെന്ന് ആളുകള്‍ അറിയുന്നതിന് വേണ്ടിയാണ് പോസ്റ്റര്‍ പങ്കുവെച്ചത് എന്നാണ് പറഞ്ഞത്. അതേസമയം കേസിലെ അന്വേഷണം ശരിയായ ദിശയില്‍ തന്നെയാണെന്നും എന്നാല്‍ കോടതിയില്‍ സമര്‍പ്പിച്ച പൊലീസ് റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്നും പറഞ്ഞു്
കാഫിര്‍ പ്രയോഗത്തിന് പിന്നില്‍ ആരാണെന്ന് അറിയണം എന്നും കെ കെ ശൈലജ പറഞ്ഞു. ഇടതുപക്ഷത്തെ അങ്ങേയറ്റം ദ്രോഹിക്കുന്നതാണ് പ്രചരണം. ഇടതെന്ന് തോന്നിപ്പിക്കുന്ന കേന്ദ്രങ്ങളില്‍ നിന്നും ഇടതുപക്ഷത്തിന് എതിരായ പ്രചാരണങ്ങള്‍ തിരഞ്ഞെടുപ്പ് സമയത്ത് നടന്നിരുന്നു. അക്കൂട്ടത്തില്‍പ്പെട്ടതാണോ ഇതെന്ന് അറിയില്ല. കുടുംബസദസ്സിലാണ് വ്യാജപ്രചാരണങ്ങള്‍ നടത്തിയത്.
വിവാദത്തില്‍ സത്യം തെളിഞ്ഞതില്‍ സന്തോഷമെന്ന് ഷാഫി പറമ്പില്‍ നേരത്തേ പ്രതികരിച്ചത്. വിവാദത്തിനു പിന്നില്‍ അടിമുടി സിപിഐഎമ്മു കാരാണ്, പക്ഷേ എന്തുകൊണ്ടോ അവരെ പ്രതികളാക്കുന്നില്ല. നിയമനടപടി തുടരുമെന്നും ഷാഫി പറഞ്ഞു.






