
ന്യൂഡല്‍ഹി : രാജ്യം ഭരണഘടനാ മൂല്യങ്ങൾ മുറുകെ പിടിച്ച് മുന്നേറുകയാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. 78–ാം സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് രാഷ്ട്രപതിയുടെ പ്രസ്താവന.
ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക വ്യവസ്ഥയാണ് ഇന്ത്യയുടേത്. 2021–24 കാലത്തിനിടെ 8 ശതമാനം വാർഷിക വളർച്ചയാണ് ഉണ്ടായത്. ഇത് ജനങ്ങളുടെ കയ്യിൽ പണം കൂടുതൽ വരുന്നതിനു മാത്രമല്ല, മറിച്ച് ദാരിദ്രരേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണം കുറയ്ക്കുന്നതിനും സഹായിച്ചു. നിലവിൽ ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായ ഇന്ത്യ മൂന്നാം സ്ഥാനത്തേക്കുള്ള യാത്രയിലാണ്.’’– രാഷ്ട്രപതി പറഞ്ഞു.
സ്വാതന്ത്ര്യസമര പോരാട്ടത്തെ ഓർമിപ്പിച്ച രാഷ്ട്രപതി ഇത് സ്വാതന്ത്ര്യസമര പോരാളികൾക്ക് ആദരമർപ്പിക്കാനുള്ള ദിവസമാണെന്നും പറഞ്ഞു. വിഭജന സമയത്ത് രാജ്യം ഏറെ പ്രതിസന്ധികൾ അനുഭവിച്ചു. എല്ലാ വിഭാഗം ആളുകളും സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ ഭാഗമായി. ഇന്ത്യയെ സ്വയംപര്യാപ്തമാക്കിയത് കർഷകരാണെന്നും രാഷ്ട്രപതി പറഞ്ഞു





