
2023 ലെ സംസ്ഥാന പുരസ്ക്കാരം പ്രഖ്യാപിച്ചപ്പോള്‍ ആഗ്രഹിച്ച കൈകളിലേക്ക് പുരസ്ക്കാരം എത്തുന്ന സന്തോഷത്തിലാണ് നടന് പൃഥ്വിരാജിന്റെയും നടി ഉര്‍വ്വശിയുടേയും ആരാധകര്‍. ഉള്ളൊഴുക്കും ആടുജീവിതവും കണ്ടവര്‍ പ്രതീക്ഷിച്ച കാര്യം തന്നെയാണ് സംഭവിച്ചിരിക്കുന്നതും. രണ്ടുപേര്‍ക്കും പുരസ്ക്കാരം പുതിയ കാര്യമല്ല. ഉര്‍വ്വശി അഞ്ചാം തവണയും പൃഥ്വിരാജ് മൂന്നാം തവണയുമാണ് പുരസ്ക്കാരം നേടുന്നത്.
ഉള്ളൊഴുക്കിലെ ലീലാമ്മയായി അഭിനയത്തിന്റെ സൂഷ്മതലം കൊണ്ട് ഉര്‍വശി വിസ്മയിപ്പിക്കുകയായിരുന്നു. 1989 ല്‍ മഴവില്‍ക്കാവടി, വര്‍ത്തമാന കാലം എന്നീ ചിത്രങ്ങളിലൂടെയും 1990 ല്‍ തലയിണ മന്ത്രത്തിലൂടെയും 1991 കടിഞ്ഞൂല്‍ കല്യാണം, കാക്കത്തൊള്ളായിരം, ഭരതം, മുഖചിത്രം എന്നീ ചിത്രങ്ങളിലൂടെയും 1995 കഴകത്തിലൂടെയും 2006 മധുചന്ദ്രലേഖയിലൂടെയുമാണ് ഉര്‍വശി അവാര്‍ഡ് നേടിയത്.
2006-ല്‍ മികച്ച സഹനടിക്കുള്ള അവാര്‍ഡും അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ അഭിനയത്തിന് ഉര്‍വ്വശിക്ക് ലഭിച്ചിട്ടുണ്ട്. മൂന്നാം തവണയാണ് പൃഥ്വിരാജിനെ തേടി സംസ്ഥാന പുരസ്കാരമെത്തുന്നത്. വാസ്തവത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം നേടുമ്പോള്‍ ഈ പുരസ്ക്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മോഹന്‍ലാലിന്റെ റെക്കോഡാണ് മറികടന്നത്.
മലയാള സിനിമയുടെ പിതാവായ ജെ സി ഡാനിയേലിനെ അവതരിപ്പിച്ച സെല്ലുലോയിഡും രവി തരകന് എന്ന മനുഷ്യനെ അയാളുടെ തിരിച്ചറിവുകളിലൂടെ സഞ്ചരിപ്പിച്ച അയാളും ഞാനും തമ്മിലെ പ്രകടനത്തിനും രണ്ടാമതും ഒരു സംസഥാന പുരസ്കാരം പൃഥ്വിരാജിനെ തേടിയെത്തി. ആടുജീവിതത്തിലെ പ്രകടനത്തിന് പൃഥ്വിരാജിലേക്ക് മൂന്നാമതുമൊരു പുരസ്കാരം എത്തുമ്പോള്‍ അത് കഥാപാത്രമാകാന്‍ പൃഥ്വിരാജ് എടുത്ത പരിശ്രമങ്ങള്‍ക്കുള്ള അംഗീകാരം കൂടിയായി മാറുകയാണ്.
22 വര്‍ഷം നീണ്ടു നില്ക്കുന്ന കരിയറില്‍ ഏറ്റവും ഗംഭീരമായ പ്രകടനമായിരുന്നു പൃഥ്വിയെ പുരസ്ക്കാര നേട്ടത്തിലേക്ക് എത്തിച്ചത്. സിനിമയുടെ ആദ്യ പകുതിക്കായി 98 കിലോയിലേക്ക് ഭാരം വര്‍ധിപ്പിച്ച അദ്ദേഹം അവിടെ നിന്നും 31 കിലോയോളം ഭാരം കുറച്ച് ശരീരത്തെ കഥാപാത്രത്തിനായി പരുവപ്പെടുത്തി. ചെയ്യാന്‍ പറ്റുന്നതിന്റെ പരമാവധി ഈ സിനിമക്കായി ചെയ്തിട്ടുണ്ട് എന്ന പൃഥ്വിരാജിന്റെ വാക്കുകള്‍ സത്യമാണെന്ന് പ്രേക്ഷകര്‍ക്ക് മനസ്സിലായതാണ് സിനിമ കണ്ടപ്പോഴാണ്. ഇപ്പോള്‍ അതിന് അംഗീകാരവും തേടിവന്നു.






