
ഇന്ത്യയില്‍ കുണ്ടും കുഴിയും നിറഞ്ഞ റോഡുകള്‍ സ്ഥിരം കാഴ്ചയാണ്. റോഡുകളുടെ ഈ ശോചനീയാവസ്ഥ ഓരോ വര്‍ഷവും നിരവധി ജീവനുകളാണ് അപഹരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിരവധി പരാതികള്‍ ഉയരാറുണ്ടെങ്കിലും പലതും ഫലം കാണാറില്ല എന്നതാണ് സത്യം. റോഡുകളുടെ ശോചനീയാവസ്ഥ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തുന്നതിനായി പലവിധത്തിലുള്ള പ്രതിഷേധ പരിപാടികള്‍ പ്രദേശവാസികള്‍ ചേര്‍ന്ന് സംഘടിപ്പിക്കാറുണ്ട്.
റോഡിലെ കുഴിയില്‍ വാഴ നടുന്നതും, തോണിയിറക്കുന്നതും കുളിക്കുന്നതും തുടങ്ങി ഇത്തരത്തിലുള്ള പലവിധ പ്രതിഷേധങ്ങള്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു പ്രതിഷേധം നടത്തി വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ് ബെംഗളൂരു സ്വദേശികളായ ചിലര്‍. ഇവര്‍ റോഡിലെ കുഴിയുടെ ശോചനീയാവസ്ഥ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ചെയ്തത് അല്പം വേറിട്ട ഒരു പ്രതിഷേധമാണ്. കുഴികളില്‍ പൂജ നടത്തിയാണ് ഈ നാട്ടുകാര്‍ പ്രതിഷേധിച്ചത്.
അധികൃതരുടെ ഭാഗത്തുനിന്നും അവസാനമില്ലാതെ തുടരുന്ന അവഗണനയില്‍ പ്രതിഷേധിച്ച്, നഗരത്തിലെ ജയനഗര്‍ പ്രദേശത്തെ നിവാസികള്‍ ആണ് ഇത്തരത്തില്‍ കുഴിപൂജ നടത്തി പ്രതിഷേധിച്ചത്. വരമഹാലക്ഷ്മീ വ്രത ദിനത്തില്‍ ആണ് ഇത്തരത്തില്‍ കുഴിയില്‍ പൂജ നടത്തി തങ്ങളുടെ പ്രതിഷേധം ഇവര്‍ രേഖപ്പെടുത്തിയത്. ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് റോഡിലെ ഒരു വലിയ കുഴിയില്‍ പ്രദേശവാസികളുടെ പ്രതിനിധിയായി ഒരു സ്ത്രീയും പുരുഷനും ചേര്‍ന്നാണ് പൂജ നടത്തിയത്. വിഗ്രഹങ്ങളെ പൂജിക്കുമ്പോള്‍ ഉപയോഗിക്കുന്നതുപോലെ പൂങ്കുലകള്‍, മഞ്ഞള്‍പ്പൊടി, കുങ്കുമം എന്നിവ കുഴിയിലേക്ക് എറിഞ്ഞായിരുന്നു പൂജ.






