
തൃശൂര്‍: കെടിഡിസി ചെയര്മാന് സ്ഥാനം രാജി വെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും പി കെ ശശി ഇപ്പോഴും ജില്ലാകമ്മിറ്റി അംഗമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. പി കെ ശശിക്കെതിരെ നടപടി എന്ന വാര്‍ത്ത തെറ്റാണെന്നും എംവി.ഗോവിന്ദന് പറഞ്ഞു.
പരാതികളില്‍ സിപിഎം കൃത്യമായ നിലപാടുകള്‍ സ്വീകരിക്കുക തന്നെ ചെയ്യും. എന്നാല്‍ പി കെ ശശിക്കെതിരെ നടപടി ഉണ്ടായിട്ടില്ല. അദ്ദേഹം രാജി വെയ്ക്കുന്നുണ്ടെങ്കില്‍ വ്യക്തിപരമായ തീരുമാനമാണെന്നും പറഞ്ഞു. നിലവില്‍ പി കെ ശശിക്കെതിരായി പാര്‍ട്ടി ഒരു നിലപാടും സ്വീകരിച്ചിട്ടില്ല. മണ്ണാര്‍കാട് ഏരിയ കമ്മിറ്റിക്കെതിരായ നടപടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയേണ്ടതില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു.
പി കെ ശശിക്കെതിരായ പാര്‍ട്ടി നടപടിയെ കുറിച്ച് അറിയില്ലെന്ന് മന്ത്രി എം ബി രാജേഷും പ്രതികരിച്ചു. യോഗത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ പാര്‍ട്ടി നടപടി സ്വീകരിച്ചു എന്ന വിവരം അറിയില്ലെന്നും മന്ത്രി പറഞ്ഞു. പി കെ ശശി കെടിഡിസി അദ്ധ്യക്ഷ സ്ഥാനം ഇന്ന് രാജി വെച്ചേക്കുമെന്നാണ് വിവരം.






