
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് നല്കിയ നടി രഞ്ജിനിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. സ്വകാര്യതയെ ബാധിക്കുന്നു എന്നുണ്ടെങ്കില്‍ സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. അതിനിടിയില്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് എതിരേ സജിമോന്‍ പാറയിലും അപ്പീല്‍ നല്‍കിയിരിക്കുകയാണ്. സിംഗിള്‍ ബഞ്ചിനെ സമീപിക്കുമെന്ന് രഞ്ജിനിയുടെ അഭിഭാഷകനും പറഞ്ഞു.
ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, എസ് മനു എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. രഞ്ജിനിയുടെ വാദം നിലനില്‍ക്കുന്നതല്ല എന്നായിരുന്നു സര്‍ക്കാരിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചത്. എന്നാല്‍ ഹേമാ കമ്മീഷന് മുമ്പാകെ താനും മൊഴി നല്‍കിയിട്ടുണ്ടെന്നും തന്റെ മൊഴി പുറത്തുവരരുത് എന്നുമായിരുന്നു കോടതിയില്‍ രഞ്ജിനിയുടെ ആവശ്യം. ഇതിന് മൊഴി പുറത്തുവരരുതെന്നാണോ റിപ്പോര്‍ട്ട് പുറത്തുവരരുതെന്നാണോ ഹര്‍ജിയിലെ യഥാര്‍ത്ഥ്യ ആവശ്യമെന്ന് കോടതി ചോദിച്ചു. പിന്നാലെയാണ് ഹര്‍ജി തള്ളുകയും ചെയ്തു.
വിധിക്ക് പിന്നാലെ ഇന്ന് ഹേമ കമ്മറ്റി റിപ്പോര്‍ട്ട് ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ പുറത്തുവിടും. നാലരവര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവരിക. 81 മുതല്‍ 100 വരെയുള്ള പേജുകളിലെ പരാമര്‍ശങ്ങള്‍ ഒഴിവാക്കുന്നത് ഉള്‍പ്പെടെ എഡിറ്റ് ചെയ്ത കോപ്പിയായിരിക്കും പുത്തുവിടുക. സിനിമാരംഗത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച കാര്യം പഠിക്കാനായി 2017 ജൂലൈയിലാണ് ഹേമ കമ്മിറ്റിയെ നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ജസ്റ്റിസ് കെ ഹേമ (റിട്ടയേര്‍ഡ്) അധ്യക്ഷയായി മുന്‍ ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരിയും മുതിര്‍ന്ന നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മിറ്റിയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്.
2019 ഡിസംബര്‍ 31നായിരുന്നു ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നല്കിയ റിപ്പോര്‍ട്ടില്‍ 300 പേജുകളാണുള്ളത്. ഡബ്ല്യുസിസി ഉള്‍പ്പെടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ചലച്ചിത്രമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അനീതിയും അക്രമവും പരിശോധിക്കുന്നതിനും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനുമാണ് കമ്മിറ്റിയെ നിയമിച്ചത്. ആഗസ്റ്റ് 17 ന് രാവിലെ 11 മണിക്ക് റിപ്പോര്‍ട്ട് പുറത്തുവിടാനായിരുന്നു സാംസ്ക്കാരിക വകുപ്പിന്റെ തീരുമാനം. വെള്ളിയാഴ്ച രാത്രിയോടെ നടി രഞ്ജിനി തടസവാദം ഉയര്‍ത്തിയതോടെ പിന്നോക്കം പോകുകയായിരുന്നു.






