
തിരുവനന്തപുരം: അഡീഷണല്‍ ചീഫ് സെക്രട്ടറി (ആസൂത്രണം/ധനകാര്യം) ശാരദാ മുരളീധരനെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭാതീരുമാനം. സംസ്ഥാനത്തു ചീഫ് സെക്രട്ടറിമാരായിരുന്ന ദമ്പതികള്‍ വേറെയുമുണ്ടെങ്കിലും ഭര്‍ത്താവില്‍നിന്നു ഭാര്യ ചുമതലയേറ്റെടുക്കുന്ന ആദ്യത്തെയാളാണ് ശാരദാ മുരളീധരന്.
ചീഫ് സെക്രട്ടറി ഡോ. വി. വേണു 31-നു വിരമിക്കുന്നതോടെ ശാരദ പിന്‍ഗാമിയായി ചുമതലയേല്‍ക്കും. സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറി ഡോ. വി. വേണുവും നിയുക്ത ചീഫ് സെക്രട്ടറി ശാരദാ മുരളീധരനും ജീവിതത്തില്‍ മാത്രമല്ല, ഐ.എ.എസ്. ബാച്ചിലും (1990) ഒരുമിച്ചായിരുന്നു.
വി. രാമചന്ദ്രന്-പത്മാ രാമചന്ദ്രന്, ബാബു ജേക്കബ്-ലിസി ജേക്കബ് ദമ്പതികളാണു മുമ്പ് സംസ്ഥാന ചീഫ് സെക്രട്ടറിമാരായിരുന്നത്. രാമചന്ദ്രന് 15-ാം ചീഫ് സെക്രട്ടറിയും പത്മ 17-ാം ചീഫ് സെക്രട്ടറിയുമായിരുന്നു. 25-ാം ചീഫ് സെക്രട്ടറിയായിരുന്നു ബാബു. ലിസി 31-ാമതും.
വേണു-ശാരദ ദമ്പതികള്‍ 1990 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥരാണ്. ഇവരെക്കാള്‍ സീനിയോറിറ്റി നിലവില്‍ കേന്ദ്ര സര്‍വീസിലുള്ള മനോജ് ജോഷിക്കു മാത്രമാണ്. 2027 ജനുവരിവരെ സേവനകാലാവധിയുള്ള മനോജ് കേരളത്തിലേക്കു മടങ്ങാന്‍ താത്പര്യപ്പെടാതിരുന്നതോടെയാണ് 2025 ഏപ്രില്‍ വരെ കാലാവധിയുള്ള ശാരദയ്ക്ക് അവസരം ലഭിച്ചത്.
തിരുവനന്തപുരം, തൈക്കാട് എന്‍ജിനീയറിങ് കോളജ് അധ്യാപകരായിരുന്ന ഡോ. കെ.എ. മുരളീധരന്റെയും കെ.എ. ഗോമതിയുടെയും മകളാണു ശാരദ. എസ്.എസ്.എല്‍.സിയും എം.എയും ഒന്നാം റാങ്കോടെ പാസായി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ പിഎച്ച്.ഡി. ചെയ്യുന്നതിനിടെയാണു സിവില്‍ സര്‍വീസിലെത്തിയത്.






