
ഹൈദരാബാദ്: തടാകം കയ്യേറിയെന്ന ആരോപണത്തില്‍ തെലുങ്കിലെ പ്രമുഖ നടന് നാഗാര്‍ജുനയുടെ ഉടമസ്ഥതയിലുള്ള കണ്വെന്ഷന് സെന്റര്‍ പൊളിച്ചു നീക്കുന്നു. ഹൈദരാബാദ് ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ആന്‍ഡ് അസറ്റ് മോണിറ്ററിംഗ് ആന്‍ഡ് പ്രൊട്ടക്ഷന്‍ (ഹൈഡ്ര) അധികൃതരാണ് പൊളിക്കുന്നത്. നടന്റെ നഗരത്തിലെ മദാപൂര്‍ പ്രദേശത്തെ തമ്മിടികുണ്ട തടാക കരയിലുള്ള എന്‍-കണ്വെന്ഷന് സെന്ററാണ് പൊളിച്ചു നീക്കുന്നത്.
ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ പൊളിക്കല്‍ ജോലി തുടങ്ങിയിരുന്നു. 10 ഏക്കര്‍ സ്ഥലത്ത് നിര്‍മിച്ച എന്‍-കണ്വെന്ഷന് സെന്റര്‍ വര്‍ഷങ്ങളായി വിവാദത്തിലാണ്. തടാകത്തിന്റെ നിരോധിത പ്രദേശത്തും ബഫര്‍ സോണിലും അനധികൃത നിര്‍മാണം നടക്കുന്നുവെന്നാണ് നടനെതിരേ ഉയര്‍ന്നിട്ടുള്ള ആരോപണം. നോര്‍ത്ത് ടാങ്ക് ഡിവിഷന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ നല്കിയ ഔദ്യോഗിക രേഖകള്‍ പ്രകാരം തമ്മിടികുണ്ട തടാകത്തിന്റെ എഫ്ടിഎല്‍ വിസ്തീര്‍ണ്ണം ഏകദേശം 29.24 ഏക്കറാണ്. എഫ്ടിഎല്‍ ഏരിയയുടെ ഏകദേശം 1.12 ഏക്കറും ബഫറിനുള്ളില്‍ അധികമായി 2 ഏക്കറും എന്‍-കണ്വെന്ഷന് കൈയേറിയെന്നാണ് ആരോപണം.
വര്‍ഷങ്ങളായി, ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്നും മറ്റ് ഉന്നത അധികാരികളില്‍ നിന്നുമുള്ള നിയന്ത്രണ നടപടികളെ നടന് വന്‍ സ്വാധീനം ഉപയോഗിച്ച് മറികടക്കുകയായിരുന്നെന്നാണ് ആരോപണം. ശനിയാഴ്ച രാവിലെ ഹൈഡ്രാ അധികൃതര്‍ സ്ഥലത്ത് എത്തുകയും പോലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ, പ്രക്രിയ തടസ്സങ്ങളില്ലാതെ തുടരുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്തു.






