
മേപ്പാടി ; വയനാട് മേപ്പാടി പഞ്ചായത്തിലെ ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ട 36 പേരെ ഡി എന്‍ എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞുവെന്ന് ജില്ലാ കലക്ടര്‍ ഡി ആര് മേഘശ്രീ.17 മൃതദേഹങ്ങളും 56 ശരീര ഭാഗങ്ങളുമുള്‍പ്പെടെ 73 സാമ്പിളുകളാണ് ബന്ധുക്കളില്‍ നിന്ന് ശേഖരിച്ച ഡിഎന്‍എ സാമ്പിളുമായി യോജിച്ചത്. ഒരാളുടെ തന്നെ ഒന്നില്‍ കൂടുതല്‍ ശരീര ഭാഗങ്ങള്‍ ലഭിച്ചതായി പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ണൂര്‍ ഫോന്‍സിക് സയന്‍സ് ലാബോട്ടറിയിലാണ് പരിശോധന നടത്തിയത്.
ഉരുള്‍പൊട്ടല്‍ ദുരന്തത്തെത്തുടര്‍ന്ന് അവകാശികളില്ലാത്ത മൃതദേഹങ്ങള്‍/ശരീര ഭാഗങ്ങള്‍ സംസ്കരിക്കുന്നതിനും ഡിഎന്‍എ പരിശോധനയ്ക്കു സാമ്പിളുകള്‍ ശേഖരിക്കുന്നതിനും പാലിക്കേണ്ട പ്രോട്ടോക്കോള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.






