
കൊച്ചി: സിനിമാമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സമഗ്ര നിയമനിര്‍മാണം നടത്തുന്നതു സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയില്‍. സിനിമ രംഗത്തെ വനിതകളുടെ സുരക്ഷയും സംരക്ഷണവും നിയമം വഴി ഉറപ്പാക്കാനും നിയമം ലക്ഷ്യമിടുന്നു.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്, അടൂര്‍ ഗോപാലകൃഷ്ണന് കമ്മിറ്റി റിപ്പോര്‍ട്ട്, സര്‍ക്കാര്‍ ഇപ്പോള്‍ നിയോഗിച്ചിട്ടുള്ള പ്രത്യേക അനേ്വഷണ സംഘം സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് എന്നിവ പഠിച്ച്, വിവിധ വിഭാഗങ്ങളുമായി ചര്‍ച്ച നടത്തിയാകും ബില്‍ തയാറാക്കുകയെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. വൈകാതെ തന്നെ പുതിയ ബില്ലിന്റെ കരടു തയാറാക്കാന്‍ നിയമവകുപ്പിനോടു ആവശ്യപ്പെടും. 2018 ല്‍ പ്രത്യേക നിയമത്തിനായി ആലോചന നടന്നെങ്കിലും സിനിമാരംഗത്തുള്ളവരുടെ എതിര്‍പ്പുമൂലം നടന്നിരുന്നില്ല.
സിനിമ നിര്‍മാണം, വിതരണം, പ്രദര്‍ശനം തുടങ്ങിയ സമസ്തമേഖലകളേയും ഉള്‍ക്കൊള്ളിച്ചുള്ള നിയമനിര്‍മാണമാണു ഉദ്ദേശിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത പരാതികളിലുള്ള അനേ്വഷണ റിപ്പോര്‍ട്ട് പ്രത്യേക അനേ്വഷണസംഘം പരിശോധിക്കും. അതിനുശേഷമാകും കുറ്റപത്രം നല്കുന്നതില് തീരുമാനമെടുക്കുക. അനേ്വഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സംഘം സര്‍ക്കാരിനു ഇൗ മേഖലയില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചു ശിപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
നിയമനിര്മാണമല്ലാതെ, സര്‍ക്കാര്‍ ഉത്തരവുകള്‍ കൊണ്ടുമാത്രം ഇൗ മേഖലയിലെ വിവിധ വിഷയങ്ങള്‍ക്കു പരിഹാരമുണ്ടാക്കാന്‍ കഴിയില്ലെന്നാണു സര്‍ക്കാരിന്റെ വിലയിരുത്തല്‍. സിനിമ സംഘടനകള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള റെഗുലേറ്ററി അതോറിറ്റിയില്‍ രജിസ്ട്രേഷന് നിര്‍ബന്ധമാക്കണമെന്നും ഇതിനായി നിയമനിര്‍മാണം നടത്തണമെന്നുമായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന് അധ്യക്ഷനായ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശം. 2014 ഓഗസ്റ്റിലാണു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
സിനിമ നിര്‍മാണം മുതല്‍ പ്രദര്‍ശനം വരെ ബന്ധപ്പെട്ടതായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന് കമ്മിറ്റി റിപ്പോര്‍ട്ട്. സിനിമ സംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് അന്നത്തെ യു.ഡി.എഫ്. സര്‍ക്കാര്‍ റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കിയില്ല. സിനിമ സംഘടനകളുടെ സ്വാധീനം എത്രത്തോളമുണ്ടെന്നു വ്യക്തമാക്കുന്നതായിരുന്നു അടൂര്‍ കമ്മിറ്റി റിപ്പോര്‍ട്ട്. സിനിമ മേഖല ഒരു സ്വകാര്യ മേഖലയാണ്. കൃത്യമായ നിയന്ത്രണങ്ങളില്ല.
വിവിധ സംഘടനകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പലപ്പോഴും മേഖലയിലെ പ്രവര്‍ത്തനങ്ങളെ താളംതെറ്റിക്കുന്നുണ്ടെന്നും അതിനാല്‍, ഒരു ഏകജാലക സംവിധാനം വേണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിരുന്നു. റിപ്പോര്‍ട്ടിലെ സുപ്രധാന നിര്‍ദേശമായിരുന്നു റെഗുലേറ്ററി അതോറിറ്റി എന്നുള്ളത്. ഇതൊന്നും സിനിമാ സംഘടകളുടെ എതിര്‍പ്പുമൂലം നടപ്പാക്കാനായില്ല.






