
മലയാളത്തിലെ അറിയപ്പെടുന്ന ടെലിവിഷൻ അവതാരികയും, നർത്തകിയും അഭിനേത്രിയും ബിസിനസ്സുകാരിയുമാണ് ദേവി അജിത്ത്. അഭിനയ രംഗത്ത് വർഷങ്ങളായി തുടരുന്ന നടിയാണ് ദേവി അജിത്ത്. ചെറുതും വലുതുമായ കഥാപാത്രങ്ങൾ ദേവി അജിത്ത് ചെയ്തിട്ടുണ്ട്. 2002 ൽ പുറത്തിറങ്ങിയ മഴ എന്ന ചിത്രത്തിലൂടെയാണ് ദേവി സിനിമാ രംഗത്തേക്ക് എത്തിയത്. പിന്നീടങ്ങോട്ട് മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിൽ താരം അഭിനയിച്ചു.
കരിയറിൽ ഇടയ്ക്ക് വെച്ച് ഇടവേളയെടുത്ത് വീണ്ടും തിരിച്ചെത്തിയപ്പോഴും ശ്രദ്ധേയ കഥാപാത്രങ്ങൾ ദേവി അജിത്തിന് ലഭിച്ചിരുന്നു. ട്രിവാൻഡ്രം ലോഡ്ജ്, ഇമ്മാനുവേൽ, സക്കറിയയുടെ ഗർഭിണികൾ, ആക്ഷൻ ഹീറോ ബിജു തുടങ്ങിയ സിനിമകളിലെ ദേവിയുടെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.
ജയറാം മുഖ്യവേഷത്തിലെത്തിയ ‘ദി കാര്‍’ എന്ന സിനിമ ടെലിവിഷനിലൂടെ പ്രേക്ഷകര്‍ ഏറെ ആസ്വദിച്ച സിനിമയാണ്. പക്ഷേ റിലീസ് ചെയ്തപ്പോള്‍ ഏറെ നഷ്ടം വരുത്തിയ സിനിമ കൂടിയാണത്. ഈ സിനിമയുടെ നിര്‍മ്മാതാവ് അജിത്തായിരുന്നു. നടിയായ ദേവി അജിത്തിന്റെ ഭര്‍ത്താവ് കൂടിയായിരുന്നു അജിത്ത്. ഒരുപാട് നല്ല സിനിമകള്‍ നിര്‍മ്മിച്ച അജിത്ത് വേര്‍പെട്ടിട്ട് 27 വര്‍ഷങ്ങള്‍ കഴിഞ്ഞു.
ഇപ്പോഴിതാ തന്റെ ജീവിതം തകർത്തതും ഭർത്താവിന്റെ ജീവനെടുത്തതും വന്‍ സാമ്പത്തിക ബാധ്യത സമ്മാനിച്ചതും സിനിമയിലെ ഈ കാർ ആണെന്ന് പറയുകയാണ് ദേവി അജിത്ത്.
‘‘ആരും വിശ്വസിക്കില്ല. പക്ഷേ അന്ന് 75 ലക്ഷം ചെലവായ സിനിമയാണ് ‘ദി കാര്‍’. അജി മരിച്ചിട്ടിപ്പോള്‍ 27 വര്‍ഷമായി. അത്രയും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സിനിമയ്ക്ക് ഇത്രയും ചെലവാകുക എന്നത് ആരും വിശ്വസിക്കില്ല. അത് എങ്ങനെയായി എന്നു ചോദിച്ചാല്‍ അറിയില്ല. ചിലപ്പോഴത് ഹാന്‍ഡില്‍ ചെയ്തതിന്റെ കുഴപ്പമായിരിക്കും. പിന്നെയതു പോലെ സിനിമയുടെ റിലീസാണെങ്കിലും പ്ലാന്‍ ചെയ്ത സമയത്ത് നടന്നില്ല. എല്ലാവര്ക്കും നൊമ്പരം നല്‍കിയൊരു സിനിമ കൂടിയായിരുന്നു അത്. ഒരു രാശിയില്ലാത്ത സിനിമയാണെന്നു കരുതി റിലീസ് ചെയ്തപ്പോഴും ആരും തിയേററ്റില്‍ പോയി കണ്ടില്ല. ഈ സിനിമ ടിവിയില്‍ വരുമ്പോള്‍ ഇന്നത്തെ കുട്ടികളും എല്ലാവരുമത് ആസ്വദിക്കുന്നുണ്ടെന്നുള്ളത് സത്യമാണ്. മിക്കവരും ആ സിനിമ കണ്ടിട്ടുണ്ടാകും. പക്ഷേ അന്നത്തെ റെസ്പോണ്‍സ് അങ്ങനെയായിരുന്നില്ല. എല്ലാം കൊണ്ടും നഷ്ടങ്ങള്‍ നല്കിയ സിനിമയാണത്. ബാധ്യതകള്‍ മാത്രമല്ല രണ്ടുപേരുടെ വേര്‍പാടും ആ സിനിമ വഴിയാണ് സംഭവിച്ചത്. അജി മാത്രമല്ല അസോസിയേറ്റ് ഡയറക്ടറായ സന്തോഷ് ഇല്ലംമ്പള്ളിയും മരിച്ചു പോയിരുന്നു. രണ്ടു പേരും ആക്സഡന്റിലാണ് മരിച്ചത്. അതും ആ കാറില്‍ തന്നെ മരിക്കുക. അതിനു വേണ്ടി വാങ്ങിയ കാറില്‍ തന്നെയാണത് സംഭവിച്ചത്...’’ ദേവി അജിത്ത് പറയുന്നു.






