
ന്യൂഡല്‍ഹി: സൊമാറ്റോ ഡെലിവറി ബോയ് ലൈംഗീകാതിക്രമം നടത്തിയെന്ന ആരോപണവുമായി യുവതി രംഗത്ത്. എക്സ് അക്കൗണ്ടിലൂടെയാണ് യുവതി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. അഹമ്മദാബാദില്‍ ചൊവ്വാഴ്ച രാത്രിയോടെ കാപ്പി ഓര്‍ഡര്‍ ചെയ്തപ്പോഴായിരുന്നു സംഭവം.
''സംഭവം നടന്ന അന്ന് രാത്രി അഹമ്മദാബാദില്‍ കനത്ത മഴ പെയ്തിരുന്നു. അതിനാല്‍ നഗരത്തിലെ ഭൂരിഭാഗം കടകളും അടച്ചു. തുടര്‍ന്നാണ് ഓണ്‍ലൈനായി കാപ്പിക്ക് ഓഡര്‍ നല്‍കിയത്. കാപ്പി കൊണ്ടുവരുമെന്ന് അറിയിച്ചിരുന്ന ഡെലവറി ബോയ് എത്താന്‍ 15 മുതല്‍ 30 മിനിറ്റ് വരെ വൈകുമെന്ന് മുന്‍കൂട്ടി അറിയിച്ചിരുന്നു. എനിക്ക് കാപ്പി മാത്രം മതിയായിരുന്നതിനാലും കനത്ത മഴ പെയ്തിരുന്നതിനാലും ഞാനത് അത്ര കാര്യമാക്കിയിരുന്നില്ല. കാപ്പിയുമായി എത്തിയ ഡെലിവറി ബോയി തുടര്‍ച്ചയായി എന്നോട് ക്ഷമാപണം നടത്തി. വല്ലാത്ത ചിരിയോടെയാണ് അയാള്‍ താമസിച്ചെത്തിയതിനുള്ള കാരണം വ്യക്തമാക്കിയത്. ഇത് എന്നെ അസ്വസ്ഥയാക്കി. തനിക്ക് പരിക്ക് പറ്റിയെന്ന് അഞ്ചാറ് തവണ അയാള്‍ എന്നോട് വീണ്ടും വീണ്ടും പറഞ്ഞു. ഇത് എനിക്ക് അസ്വസ്ഥതയുണ്ടാക്കി. കാലിലാണ് പരിക്കുപറ്റിയതെന്ന് അയാള്‍ ചൂണ്ടിക്കാട്ടി. കാലിലെ മുറിവ് കാണുന്നതിന് ഞാന്‍ എന്റെ മൊബൈലില്‍ ഫ്ളാഷ്ലൈറ്റ് ഓണാക്കി നോക്കി. എന്നാല്‍, അങ്ങനെ ചെയ്തത് വലിയൊരു മണ്ടത്തരമായിരുന്നു. ലൈറ്റ് അടിച്ചപ്പോഴാണ് അയാള്‍ സ്വകാര്യഭാഗം പുറത്തിട്ടിരിക്കുന്നത് ഞാന്‍ കണ്ടത്. അപ്പോള്‍ അയാള്‍ എന്നെ നോക്കി ചിരിച്ചുകൊണ്ട് സഹായിക്കണമെന്ന് പറഞ്ഞു,'' യുവതി പറഞ്ഞു.
അത് മാത്രമല്ല രാത്രിയില്‍ തനിക്കൊപ്പം വരാന്‍ ഡെലിവറി ബോയ് ക്ഷണിച്ചതായും യുവതി ആരോപിച്ചു. സംഭവത്തെക്കുറിച്ച് ഉടന്‍ തന്നെ സൊമാറ്റോയെ അറിയിച്ചെങ്കിലും കമ്പനിയുടെ പ്രതികരണം തന്നെ നിരാശപ്പെടുത്തിയെന്ന് അവര്‍ പറഞ്ഞു. ഇരുഭാഗത്തിന്റെയും വാദം കേട്ടശേഷം നടപടി സ്വീകരിക്കുമെന്നാണ് ആദ്യം സൊമാറ്റോ യുവതിയെ അറിയിച്ചത്. പിന്നീട് ഡെലിവറി ബോയ്ക്കെതിരെ സൊമാറ്റോ കര്‍ശന നടപടി സ്വീകരിച്ചതായി മറ്റൊരു പോസ്റ്റില്‍ യുവതി വ്യക്തമാക്കി.






