
ജയ്പുര്‍: തട്ടിക്കൊണ്ടുപോകുന്നയാളുമായി സൗഹൃദത്തിലും പ്രണയത്തിലുമാകുന്നത് പല സിനിമകളിലും കണ്ട് പഴകിയ രംഗമാണ്. എന്നാല്‍, തട്ടിക്കൊണ്ടുപോയ പ്രതിയെ പിരിയാനാകാതെ കരയുന്ന കുഞ്ഞിന്റെയും കുട്ടിയെ കൈമാറുമ്പോള്‍ വിങ്ങിപ്പൊട്ടുന്ന പ്രതിയുടെയും ദൃശ്യങ്ങള്‍ വരുന്നത് രാജസ്ഥാനിലെ ഒരു പോലീസ് സ്റ്റേഷനില്‍നിന്നാണ്.
ജയ്പുരിലെ സംഗനേര്‍ സദര്‍ പോലീസ് സ്റ്റേഷനാണ് ഇൗ നാടകീയ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. തന്നെ തട്ടികൊണ്ടുപോയ പ്രതിയുമായി അടുത്ത രണ്ടുവയസുകാരന് ഒടുവില്‍ അമ്മയുടെ അടുത്തേക്കു പോകാന്‍ മടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലും വൈറലായിക്കഴിഞ്ഞു. 2023 ജൂണ്‍ 14-നാണ് 11 മാസം പ്രായമുള്ള പൃഥ്വി എന്ന കുട്ടിയെ പ്രതി തനൂജ് ചാഹര്‍ തട്ടിക്കൊണ്ടുപോയത്.
14 മാസം നീണ്ട അനേ്വഷണങ്ങള്ക്കൊടുവില് കഴിഞ്ഞ ദിവസം കുട്ടിയെ പോലീസ് കണ്ടെത്തി. എന്നാല്‍, തനൂജിനെ വേര്‍പിരിയാന്‍ കുഞ്ഞ് പൃഥ്വി തയാറായില്ല. തനൂജിനെ അമര്‍ത്തിപ്പിടിച്ച് കുട്ടി ഉച്ചത്തില്‍ കരയുന്നതും ഇതുകണ്ട് സഹിക്കാനാകാതെ പ്രതി കരയുന്നതും വീഡിയോയില്‍ കാണാം. പോലീസ് ഉദ്യോഗസ്ഥന് പ്രതിയില്‍നിന്ന് ബലമായി പൃഥ്വിയെ വാങ്ങി അമ്മയുടെ കൈയിലേക്ക് ഏല്‍പ്പിക്കുമ്പോഴും കുട്ടി കരയുന്നുണ്ടായിരുന്നു.
ഉത്തര്‍ പ്രദേശിലെ ആഗ്ര സ്വദേശിയായ തനൂജ് കുട്ടിയുടെ അമ്മയുടെ ബന്ധുവാണ്. യു.പി. പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ കൂടിയായ ഇയാള്‍ കുറച്ച് കാലമായി സസ്പെന്‍ഷനിലാണ്. കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം വേഷം മാറി സന്യാസിയായി അലിഗഡിലാണ് കുട്ടിയോടൊപ്പം താമസിച്ചിരുന്നത്. തിരിച്ചറിയാതിരിക്കാനായി താടിയും മുടിയും വളര്‍ത്തിയിരുന്നു.
മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ച പ്രതി പുതിയ ആളുകളെ പരിചയപ്പെടാതിരിക്കാനും ശ്രദ്ധിച്ചു. അലിഗഡിലെത്തിയ പോലീസ് സംഘത്തെ കണ്ട് കുട്ടിയേയും കൊണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച തനൂജിനെ എട്ടു കിലോമീറ്ററോളം പിന്തുടര്ന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കുട്ടിയുടെ അമ്മയുടെ ബന്ധുവാണ് പ്രതിയെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 14 മാസത്തോളം ഒപ്പം താമസിപ്പിച്ചിട്ടും തനൂജ് പൃഥ്വിയെ ഉപദ്രവിച്ചിരുന്നില്ല. സ്വന്തം മകനെപ്പോലെ അവനു വേണ്ടതെല്ലാം വാങ്ങിക്കൊടുത്തിരുന്നു. ഇൗ കാലയളവിനിടയില്‍ തനൂജും കുഞ്ഞുമായി വേര്‍പിരിയാനാവാത്ത വിധത്തിലുള്ള ബന്ധം ഉടലെടുത്തിരുന്നതായി പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
കുട്ടിയുടെ അമ്മയായ പൂനം ചൗധരിക്കൊപ്പം ജീവിക്കാന്‍ പ്രതിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍, പൂനം ഇത് വിസമ്മതിച്ചതോടെ പ്രതി സഹായികളേയും കൂട്ടി കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. തന്റെ ആവശ്യങ്ങള്‍ പൂനം അംഗീകരിക്കാന്‍ വേണ്ടിയായിരുന്നു കുട്ടിയെ തട്ടിയെടുത്തതെന്നും പോലീസ് പറഞ്ഞു.






