
കോട്ടയം: 20 ലക്ഷം രൂപ പ്രീമിയത്തിനായി മുടക്കിയിട്ടും ലൈഫ് ഇന്‍ഷുറന്‍സ് നിഷേധിച്ച എല്‍.ഐ.സിയുടെ സാങ്കേതിക വീഴ്ചയ്ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്റെ ഉത്തരവ്. പ്രവാസിയായ അന്തരിച്ച ജീമോന്‍ എന്നയാളുടെ ഭാര്യയും മകളുമാണ് പരാതിക്കാര്‍. രണ്ടരക്കോടി രൂപ ലൈഫ് പരിരക്ഷയുള്ള ജീവന് ഉമങ് പോളിസിയാണ് 2020 ജനുവരി മൂന്നിന് 20. 72 ലക്ഷം രൂപ പോളിസി നിക്ഷേപം ആയി നല്കി ജീമോന്റെ പേരില്‍ എടുത്തത്. എല്‍.ഐ.സി. ആവശ്യപ്പെട്ട വൈദ്യപരിശോധനയ്ക്കും ജീമോന്‍ വിധേയനായി.
തുടര്‍ന്ന് പോളിസി ലഭിക്കാനുള്ള അപേക്ഷ നല്കി ലണ്ടനിലേക്കു പോയി. എന്നാല്‍ കോവിഡ് വ്യാപിച്ചതോടെ പ്രവാസികള്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് പോളിസി അനുവദിക്കുന്നത് എല്‍.ഐ.സി. താല്‍ക്കാലികമായി നിര്‍ത്തി. ഇതിനിടെ ലണ്ടനില്‍ കോവിഡ് ബാധിച്ചു ജീമോന്‍ മരിച്ചു. തുടര്‍ന്ന് അവകാശികള്‍ ഇന്‍ഷുറന്‍സ് തുക ആവശ്യപ്പെട്ടപ്പോള്‍ നിയമപരമായ ഇന്‍ഷുറന്‍സ് കരാര്‍ നിലവില്ലെന്നു ചൂണ്ടിക്കാട്ടി എല്‍.ഐ.സി. പരിരക്ഷ നിഷേധിച്ചു. അതേസമയം പ്രീമിയം തുക 2021 ജനുവരിയില്‍ തിരികെ നല്കി.
ഇതിനെതിരേയുള്ള പരാതി സ്വീകരിച്ച ഉപഭോക്തൃ കമ്മിഷന് വിശദമായ തെളിവെടുപ്പു നടത്തി. നിയമപരമായ ഇന്‍ഷുറന്‍സ് കരാര്‍ നിലവിലില്ലാത്തതിനാല്‍ രണ്ടരക്കോടിയുടെ പരിരക്ഷയ്ക്ക് അവകാശികള്‍ അര്‍ഹരല്ല എന്നു കമ്മിഷന് കണ്ടെത്തി. അതേസമയം പോളിസി അപേക്ഷകള്‍ 15 ദിവസത്തിനകം പ്രോസസ് ചെയ്ത് തീരുമാനം അപേക്ഷകനെ അറിയിക്കണമെന്ന വ്യവസ്ഥ എല്‍.ഐ.സി ലംഘിച്ചെന്നും കമ്മിഷന് കണ്ടെത്തി. 2020 ജനുവരി മൂന്നിന് 20.72 ലക്ഷം രൂപ പോളിസി നിക്ഷേപമായി കൈപ്പറ്റിയിട്ടും 2020 സെപ്റ്റംബര്‍ വരെ പോളിസി അംഗീകരിച്ചതായോ നിരസിച്ചതായോ അവകാശികളെ അറിയിക്കാതിരുന്നതും പ്രീമിയം തുക 2021 ജനുവരി വരെ അവകാശികള്‍ക്കു തിരികെ നല്‍കാതിരുന്നതും ഗുരുതര സേവന വീഴ്ചയായാണെന്നും കമ്മിഷന് വിലയിരുത്തി.
കോവിഡ് കാരണം പ്രവാസികള്‍ക്കു എല്‍.ഐ.സിയുടെ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി നിഷേധിച്ചതു ജീമോനെ മരണത്തിനു മുമ്പേ അറിയിക്കാതിരുന്നതുവഴി മറ്റു കമ്പനികളുടെ പോളിസി എടുക്കാനുള്ള അവസരം നിഷേധിച്ചതും ഗുരുതര സേവനവീഴ്ചയാണെന്നും കമ്മിഷന് വിലയിരുത്തി. ഇക്കാര്യങ്ങള്‍ പരിഗണിച്ച വി.എസ്. മനൂലാല്‍ പ്രസിഡന്റും ആര്. ബിന്ദു, കെ.എം. ആന്റോ എന്നിവര്‍ അംഗങ്ങളുമായിട്ടുള്ള ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന് ജീമോന്റെ ഭാര്യയ്ക്കും മക്കള്‍ക്കും 50 ലക്ഷം രൂപ 9 ശതമാനം പലിശ സഹിതം ഒരു മാസത്തിനുള്ളില്‍ തിരികെ നല്‍കണമെന്നും അല്ലാത്തപക്ഷം 12ശതമാനം പലിശയും, പിഴയും, 10,000 രൂപ കോടതി ചിലവും സഹിതം നല്‍കണമെന്നും ഉത്തരവിട്ടു.






