
തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ഇന്ന് കൂടുതല്‍ ആളുകളും ഓണ്‍ലൈന്‍ ഭക്ഷണശൃഖംലകളെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ട് തന്നെ സൊമാറ്റോ, സ്വഗ്ഗി ഡെലിവറി ഏജന്റുമാര്‍ ഇന്ന് ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു.അതിനാല്‍ തന്നെ പലപ്പോഴും ഇത്തരം ഭക്ഷണ വിതരണക്കാരെ കുറിച്ചുള്ള വാര്‍ത്തകളും സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകാറുണ്ട്. പലപ്പോഴും നെഗറ്റീവ് വാര്‍ത്തകളാണ് വരാറുള്ളതെങ്കില്‍ അതില്‍ നിന്നും വ്യത്യസ്തമായി ഒരു പോസറ്റീവ് വാര്‍ത്തയാണ് ഇപ്പോള്‍ നെറ്റീസണ്‍സിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. അഹമ്മദാബാദില്‍ പെയ്യുന്ന കനത്ത മഴയെ അതിജീവിച്ച് ഫ്ലാറ്റിലേക്ക് ഭക്ഷണം എത്തിച്ച ഡെലിവറി ഏജന്റിന്റെ ജന്മദിനമാണെന്ന് അറിഞ്ഞ് അദ്ദേഹത്തിന് സമ്മാനം നല്കുന്ന ഒരു കുടുംബത്തിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.
ഐയാം ഷാ എന്ന ഇന്‍സ്റ്റഗ്രാം ഉപഭോക്താവാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'നിങ്ങള്‍ക്ക് കഴിയുന്ന എല്ലാ മാര്‍ഗങ്ങളിലൂടെയും സന്തോഷം പ്രചരിപ്പിക്കുക. ഞങ്ങള്‍ക്ക് അവസരം നല്‍കിയതിന് സൊമാറ്റോയ്ക്ക് നന്ദി' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തില്‍ സൊമാറ്റോ ആപ്പില്‍ ഡെലിവറി ഏജന്റ് ഭക്ഷണം വിതരണത്തിന് എത്തുന്നുവെന്ന സന്ദേശം കാണിക്കുന്നു. പിന്നാലെ ആപ്പില്‍ തന്നെ കൊടുത്തിരിക്കുന്ന ഡെലിവറി ഏജന്റിന്റെ ജന്മദിനത്തെ കുറിച്ചുള്ള അറിയിപ്പും കാണിക്കുന്നു. തുടര്‍ന്ന് ഡെലിവറി ഏജന്റ് ഭക്ഷണം നല്‍കാനായി വാതില്ക്കല് എത്തുമ്പോള്‍ ഇന്ന് നിങ്ങളുടെ ജന്മദിനമാണോയെന്ന് വീട്ടുകാര്‍ ചോദിക്കുകയും പിന്നാലെ അദ്ദേഹത്തിന് 'സന്തോഷകരമായ ജന്മദിനാശംസകള്' നേരുന്നു. തുടര്‍ന്ന് ഒരു ജന്മദിന സമ്മാനവും കൈമാറുന്നു. അപ്രതീക്ഷിതമായ ജന്മദിനാശംസയും സമ്മാനവും ഷൈയ്ക്ക് ആകിബ് എന്ന ഡെലിവറി ഏജന്റിനെ അത്ഭുതപ്പെടുത്തുന്നു ഏങ്ങനെ അറിഞ്ഞൂ എന്ന് അദ്ദേഹം ചോദിക്കുന്നതും ആപ്പില്‍ നിന്നും അറിഞ്ഞെന്ന് വീട്ടുകാര്‍ മറുപടി പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.
നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ വൈറലായത്. അത്തരമൊരു അനുഭവം ഡെലിവറി ഏജന്റിന് സമ്മാനിച്ചതിന് നിരവധി പേരാണ് വീട്ടുകരെ അഭിനന്ദിച്ചത്. ഒരാഴ്ച കൊണ്ട് വീഡിയോ ഇരുപത് ലക്ഷത്തിന് മേലെ ആളുകള്‍ കണ്ടുകഴിഞ്ഞു. 'ഞാന്‍ ഇന്ന് കണ്ട ഏറ്റവും മികച്ച കാര്യം.' എന്നായിരുന്നു ഒരു കാഴ്ചക്കാരന് എഴുതി. 'ഈക്കാര്യം അദ്ദേഹത്തിന് ജീവിതത്തിലെ ഏറ്റവും മധുരമുള്ള കാര്യങ്ങളില്‍ ഒന്നായിരിക്കണം.' മറ്റൊരാള്‍ എഴുതി.






