
കൊച്ചി: വിവാദമായ ഹേമകമ്മറ്റി റിപ്പോര്‍ട്ടില്‍ വാദം കേള്‍ക്കാന്‍ പ്രത്യേക ബഞ്ച് രൂപീകരിച്ച് ഹൈക്കോടതി. സജിമോന്‍ പാറയിലിന്റെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വനിതാ ജഡ്ജി അടങ്ങുന്ന വിശാലബഞ്ച് റിപ്പോര്‍ട്ട് കേസ് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. ആക്ടിംഗ് ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ബഞ്ചാണ് പ്രത്യേക ബഞ്ച് രൂപീകരിച്ചത്.
വിവാദമായ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സെപ്റ്റംബര്‍ ഒന്‍പതിന് മുമ്പ് സര്‍ക്കാര്‍ ഹൈക്കോടതിക്ക് കൈമാറും. ഓഗസ്റ്റ് 22 ന് റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ രൂപവത്കരിച്ച കമ്മിറ്റിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും രഹസ്യ സ്വഭാവം ഉറപ്പാകുമെന്ന ധാരണയിലാണ് പലരും മൊഴി നല്‍കിയതെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നതില്‍ പരിമിതി ഉണ്ടെന്നും നേരത്തേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു.
മൊഴിപ്പകര്‍പ്പുകള്‍, സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍, ആരോപണങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തെപ്പറ്റിയുള്ള വിവരങ്ങള്‍, ഇതിലെ കേസുകള്‍ എന്നിവയാണ് കോടതിക്ക് കൈമാറുക. നടപടിയെടുത്തില്ലെങ്കില്‍ കമ്മിറ്റി രൂപവത്കരിച്ചത് പാഴ്വേലയാകും എന്ന് കോടതി പറഞ്ഞിരുന്നു. റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം മുദ്രവെച്ച കവറില്‍ നല്കാന് കോടതി നിര്‍ദേശിച്ചത്.






