
തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ഇന്ന് ഭൂരിഭാഗം ആളുകളും ഭക്ഷ്യശൃംഖലകളെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ട് തന്നെ ഡെലിവറി ബോയ്സ് ഇന്ന് ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. കസ്റ്ററുമറുടെ ആവശ്യപ്രകാരം മഴയെന്നോ വെയിലന്നോ ഇല്ലാതെ ഏത് നട്ടപ്പാതിരയ്ക്കും ഡെലിവറി ബോയ്സ് ഭക്ഷണവുമായി എത്താറുണ്ട്. ഇത്തരത്തില്‍ ഡെലിവറി ബോയ്സിന്റെ കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതം പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇതിനിടയിലാണ് ഇപ്പോഴിതാ മറ്റൊരു ഹൃദയഭേദകമായ കാഴ്ച വൈറലായിമാറുന്നത്. പെരുമഴയത്ത് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ആളെ തിരഞ്ഞ് ട്രാഫിക്കില്‍ നില്ക്കുന്ന ഡെലിവറി ബോയിയുടെ വീഡിയോയാണ് ഇത്.
@Delhi Visit എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇന്ത്യന്‍ തലസ്ഥാനത്തെ വിവിധ കാഴ്ചകള്‍ ഷെയര്‍ ചെയ്യാറുള്ള അക്കൗണ്ടാണിത്. പെരുമഴയത്ത് സൊമാറ്റോ ഡെലിവറി ഏജന്റായ യുവാവ് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത കസ്റ്റമറെ അന്വേഷിക്കുന്ന കാഴ്ചയാണ് വീഡിയോയില്‍ കാണുന്നത്. ആരോ ട്രാഫിക് ജാമില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരിക്കുന്നു. ഗുരുഗാവിലെ മെഹറുലിയില് നിന്നുള്ള കാഴ്ചയാണ് ഇതെന്നും വീഡിയോയില്‍ കുറിച്ചിട്ടുണ്ട്. ഓഫീസിലേക്കും വീടുകളിലേക്കും റെയില്‍വേ സ്റ്റേഷനിലേക്കും എല്ലാം നമ്മള് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാറുണ്ട് അല്ലേ? എന്നാല്‍, ട്രാഫിക് ജാമില്‍ ആരെങ്കിലും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാറുണ്ടോ? ഉണ്ട് എന്നാണ് ഈ വീഡിയോ കാണുമ്പോള്‍ മനസിലാവുന്നത്. അങ്ങനെ ഓര്‍ഡര്‍ ചെയ്തയാള്‍ക്കെതിരെ വലിയ വിമര്‍ശനമാണ് ഈ കമന്റ് ബോക്സില്‍ നിറയുന്നതും.
വീഡിയോയില്‍ കാണുന്നത് സൊമാറ്റോ ഡെലിവറി ബോയ് പെരുമഴയത്ത് നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ക്കിടയിലൂടെ ഭക്ഷണവുമായി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ആള്‍ക്കുവേണ്ടി തിരഞ്ഞു നടക്കുന്നതാണ്. ഓരോ വാഹനത്തിന്റെ ഇടയിലൂടെയും യുവാവ് കസ്റ്റമറെ തിരഞ്ഞ് പോകുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍, ആളെ കണ്ടെത്താനാവുന്നില്ല. എന്തായാലും, വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. ഒരുപാട് പേരാണ് ഇതിന് കമന്റുകള്‍ നല്‍കിയത്. ചിലപ്പോള്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തത് ഒരു ഡയബറ്റിക് രോഗി ആയിരിക്കും. അങ്ങനെ അല്ലെങ്കില്‍ ട്രാഫിക് ജാമില്‍ കിടക്കുമ്പോള്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തത് സ്വാര്‍ത്ഥതയാണ് എന്നാണ് ഒരാള്‍ കമന്റ് നല്‍കിയത്. ഒട്ടും കരുണ ഇല്ലാത്ത കാര്യമാണ് ഈ ചെയ്തത് എന്നും നിരവധിപ്പേര്‍ കമന്റ് നല്കി.






