
കൊച്ചി: സംഗീത സംവിധായകന് ജെറി അമല്‍ ദേവില്‍ നിന്ന് സൈബര്‍തട്ടിപ്പുകാര്‍ ഒന്നരലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. സിബിഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് സംഗീതസംവിധായകനെ വിളിച്ച സംഘം സിബിഐ രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ പ്രതിയാക്കി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. സംഭവത്തില്‍ എറണാകുളം നോര്‍ത്ത് പൊലീസില്‍ ജെറി പരാതി നല്കി.
സിബിഐ രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ പ്രതിയാക്കി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം 1,70000 രൂപ അക്കൗണ്ടിലേക്ക് അയക്കാന്‍ ആവശ്യപ്പെട്ടു. പണം പിന്‍വലിക്കാനായി ബാങ്കില്‍ എത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായത്. ഇതോടെ പണം നല്‍കിയില്ല. സൈബര്‍ തട്ടിപ്പ്, ഓണ്‍ലൈനില്‍ ഇടപാടുകളിലെ തട്ടിപ്പ് എന്നിവയെക്കുറിച്ച് അറിയാത്ത പ്രായമായവരെ ലക്ഷ്യമിട്ടാണ് സംഘം വിലസുന്നത്.
ബോംബെയിലെ ധാരാവിയില്‍ നിന്നാണ് വിളിക്കുന്നതെന്ന് പറയുകയും സിബിഐ സംഘം എന്ന രീതിയില്‍ ഭീഷണിപ്പെടുത്തി സംസാരിക്കുകയും ചെയ്തതായിട്ടാണ് സംഗീതസംവിധായകനെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്ഥിരം സൈബര്‍ തട്ടിപ്പുകാരുടെ രീതി തന്നെയാണ് ഇവിടെയും തുടര്‍ന്നതെന്നാണ് പൊലീസ് പറയുന്നത്. സിബിഐ ഉദ്യോഗസ്ഥരാണെന്ന് വിശ്വസിപ്പിച്ച് ഭയപ്പെടുത്തി ആളുകളില്‍ നിന്നും പണം തട്ടുന്ന സംഘമാണിതെന്നും ഇത്തരം കോളുകളില്‍ വീഴരുതെന്നുമാണ് പോലീസ് അറിയിക്കുന്നത്.






