
ന്യൂഡല്‍ഹി: യാത്രയ്ക്കിടെ മറന്ന ആഭരണങ്ങളടങ്ങിയ ബാഗ് ഉടമയെ തിരികെ ഏല്‍പ്പിച്ച് ഓട്ടോ ഡ്രൈവര്‍. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ലിങ്ക്ഡ്ന്നിലൂടെ യാത്രക്കാരിയുടെ സുഹൃത്തായ അര്‍ണവ് ദേശ്മുഖാണ് ഓട്ടോ ഡ്രൈവറുടെ പ്രവൃത്തി പങ്കുവച്ചത്. ഓട്ടോയില്‍ യാത്ര ചെയ്യുന്നതിനിടെ യുപിഐ വഴി യാത്രാക്കൂലി നല്‍കിയതിന് ശേഷം യാത്രക്കാരി ബാഗ് ഓട്ടോയില്‍ വച്ച് മറക്കുകയായിരുന്നു. ബാഗില്‍ ഒരു ഡയമണ്ട് പെന്‍ഡന്റും തിരിച്ചറിയല്‍ രേഖകളും ഉണ്ടായിരുന്നു.
എന്നാല്‍ മുത്തശ്ശിയും അമ്മയും സമ്മാനിച്ച ഡയമണ്ട് പെന്‍ഡന്റ് ആയിരുന്നതിനാല്‍ ബാഗ് നഷ്ടപ്പെട്ടത് അറിഞ്ഞതോടെ യാത്രക്കാരി പരിഭ്രാന്തിയില്‍ ആയി. ബാഗ് തിരികെ ലഭിക്കാനായി യുപിഐ മെസഞ്ചര്‍ വഴി ഡ്രൈവറെ ബന്ധപ്പെടാന്‍ ശ്രമിച്ചെന്നും യാത്രക്കാരിയുടെ സുഹൃത്ത് ലിങ്ക്ഡ്ഇന്നിലൂടെ വ്യക്തമാക്കി. ഓട്ടോ ഡ്രൈവറെ ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ യാത്രക്കാരി ഗുരുഗ്രാം പോലീസിനെ സമീപിച്ചിരുന്നു.
അങ്ങനെ പോലീസ് അന്വേഷണം നടത്തുന്നതിനിടെ യാത്രക്കാരി താമസിച്ച പ്രോപ്പര്‍ട്ടി മാനേജറുടെ അടുത്ത് നീറുള് ജമാന്‍ എന്ന ഓട്ടോ ഡ്രൈവര്‍ ബാഗുമായി എത്തിയിട്ടുണ്ടെന്ന് അറിഞ്ഞു. ഉടനെ തന്നെ റൂമിലെത്തി ബാഗ് പരിശോധിച്ചപ്പോള്‍ ഡയമണ്ട് പെന്‍ഡന്റ് ഉള്‍പ്പെടെ ബാഗിലെ എല്ലാം സാധനങ്ങളും അതേ പോലെ തന്നെ ബാഗില്‍ ഉണ്ടായതായും അര്‍ണവ് ദേശ്മുഖ് പറഞ്ഞു. ഗുരുഗ്രാം പോലെയുള്ള ഒരു നഗരങ്ങളിലും ദൈവം ഉണ്ടെന്നും മനുഷ്യത്വം നിലനില്‍ക്കുന്നുവെന്നും ഓട്ടോ ഡ്രൈവര്‍ തങ്ങളെ ബോധ്യപ്പെടുത്തിയെന്ന് അദ്ദേഹം ലിങ്ക്ഡ്ഇനില്‍ കുറിച്ചു. ഓട്ടോ ഡ്രൈവറായ നീറുള് ജമാനെ പ്രശംസിച്ച് നിരവധി പ്രതികരണങ്ങളാണ് അര്‍ണവ് ദേശ്മുഖിന്റെ പോസ്റ്റിന് ലഭിക്കുന്നത്.






