
തിരുവനന്തപുരം: എഡിജിപിയ്ക്കെതിരേ നടപടിയുടെ കാര്യത്തില്‍ ഘടകകക്ഷികളെ വരെ തള്ളിയ മുഖ്യമന്ത്രിയുടെ നടപടിയില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. പോലീസിനെ പിണറായി ഏറാന്മൂളികളുടെ സംഘമാക്കിയെന്നും സര്‍ക്കാരില്‍ ഇപ്പോള്‍ ഘടകകക്ഷികളേക്കാള്‍ സ്വാധീനം ആര്എസ്എസിനാണെന്നും വിമര്‍ശിച്ചു.
സത്യസന്ധനായ മലപ്പുറം എസ്പിയ്ക്കെതിരേ നടപടിയെടുത്ത മുഖ്യമന്ത്രി എഡിജിപിയെ പോലെയുള്ളവര്‍ക്ക് അസാധാരണ കരുതല്‍ നല്‍കുന്നതായും എന്ത് സന്ദേശമാണ് മുഖ്യമന്ത്രി പോലീസിന് നല്‍കുന്നതെന്നും ചോദിച്ചു. ഇന്നലെ നടന്ന എല്‍ഡിഎഫ് യോഗത്തില്‍ സിപിഐ ശക്തമായ വിമര്‍ശനം നടത്തിയിട്ടും എഡിജിപിയ്ക്കെതിരേ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി കൂട്ടാക്കിയിരുന്നില്ല.
എഡിജിപിയ്ക്കെതിരേയുള്ള ആരോപണങ്ങള്‍ അജണ്ഡയില്‍ പോലും ഉള്‍പ്പെടുത്തിയുമില്ല. എന്നാല്‍ സിപിഐ യും ആര്‍ജെഡി നേതാക്കളും ഇക്കാര്യം ഉന്നയിക്കുകയായിരുന്നു. ആര്.എസ്.എസ്. കൂടിക്കാഴ്ചയടക്കം ആരോപണങ്ങള്‍ അന്വേഷിക്കാമെന്നും അന്വേഷണ റിപ്പോര്‍ട്ട് കിട്ടാതെ നടപടി സാധ്യമല്ലെന്നും പറഞ്ഞു.
പി.വി. അന്‍വര്‍ എം.എല്‍.എ. ഉന്നയിച്ച ആരോപണങ്ങള്‍ക്കു പുറമേ, ആര്.എസ്.എസ്. നേതാക്കളുമായി എ.ഡി.ജി.പി. നടത്തിയ കൂടിക്കാഴ്ചകള്‍ വിവാദമായതും ചൂണ്ടിക്കാട്ടിയാണു ഘടകകക്ഷികള്‍ നടപടിയാവശ്യപ്പെട്ടത്.
എന്നാല്‍, ആര്.എസ്.എസ്. നേതാക്കളുമായുള്ള കൂടിക്കാഴ്ചയും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്താമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഐ.പി.എസ്. ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കാനുള്ള സാങ്കേതികക്രമങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.






