
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സിബിഐ റജിസ്റ്റര്‍ ചെയ്ത മദ്യനയ അഴിമതിക്കേസില്‍ ഒടുവില്‍ ജാമ്യം. സുപ്രീംകോടതിയാണ് ജാമ്യം നല്‍കിയത്. അനന്തകാലം ഒരാളെ തടവിലിടാന്‍ കഴിയില്ലെന്ന് കാണിച്ചാണ് സുപ്രീംകോടതി ജാമ്യം നല്‍കിയത്. ജസ്റ്റീസുമാരായ സൂര്യകാന്തും, ഉജ്ജല്‍ ഭുയാനും ഉള്‍പ്പെട്ട ബഞ്ചാണ് ജാമ്യം നല്‍കിയത്. അറസ്റ്റിന്റെ കാര്യത്തില്‍ ജസ്റ്റീസുമാര്‍ ഭിന്നതയും കാട്ടി.
രണ്ട് സുപ്രിംകോടതി ജഡ്ജിമാരും വെവ്വേറെയും എന്നാൽ സമാന്തരമായ വിധികളാണ് പുറപ്പെടുവിച്ചത്. ജസ്റ്റിസ് സൂര്യകാന്ത് അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് സാധുതയുള്ളതായി കണക്കാക്കിയപ്പോൾ, ജസ്റ്റിസ് ഭുയാൻ അതിനെ 'നീതിരഹിതം' എന്ന് വിശേഷിപ്പിച്ചു. സിബിഐ യെ രൂക്ഷമായി വിമര്‍ശിക്കാനും മറന്നില്ല. സമീപ ഭാവിയില്‍ വിചാരണ തീരില്ലെന്ന് കോടതി വിലയിരുത്തി. നിയമപരമല്ലാത്ത അറസ്റ്റെന്ന് ജസ്റ്റീസ് സൂര്യകാന്ത് വിലയിരുത്തിയപ്പോള്‍ അനാവശ്യമായ അറസ്റ്റായിരുന്നെന്നായിരുന്നു ജസ്റ്റീസ് ഉജ്ജല്‍ ഭുയാന്റെ നിരീക്ഷണം. വിധി സ്വാഗതാര്‍ഹമെന്നായിരുന്നു എഎപിയുടെ ആദ്യ പ്രതികരണം.
ഡല്‍ഹി എക്സൈസ് നയ കേസില്‍ തന്റെ അറസ്റ്റ് ശരിവച്ച ഡല്‍ഹി ഹൈക്കോടതിയുടെ ഓഗസ്റ്റ് 5 ലെ വിധിക്കെതിരെയാണ് അരവിന്ദ് കെജ്രിവാള് സുപ്രീം കോടതിയെ സമീപിച്ചത്. 2021-22 ലെ ഡല്‍ഹി സര്‍ക്കാരിന്റെ എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും അഴിമതി നടന്നതായി കണ്ടെത്തിയെന്ന് ആരോപിക്കപ്പെട്ട് എഎപി ദേശീയ കണ്‍വീനറെ ജൂണ്‍ 26 നായിരുന്നു സിബിഐ അറസ്റ്റ് ചെയ്തത്.
എക്സൈസ് നയം പരിഷ്കരിച്ചപ്പോള്‍ ക്രമക്കേടുകളും ലൈസന്‍സ് ഉടമകള്‍ക്ക് അനര്‍ഹമായ ആനുകൂല്യങ്ങളും നല്‍കിയതായി സിബിഐയും ഇഡിയും പറയുന്നു.എക്സൈസ് പോളിസി അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപിച്ച് ഇ.ഡി.യും കേസും ഫയല്‍ ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21ന് അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അരവിന്ദ് കെജ്രിവാളിന് ജൂലൈ 12ന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.






