
ന്യൂഡല്‍ഹി: രാജി പ്രഖ്യാപിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഇന്നു ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്സേനയുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് 4.30നാണു ലഫ്റ്റനന്റ് ഗവര്‍ണര്‍ സമയം അനുവദിച്ചിരിക്കുന്നത്. കൂടിക്കാഴ്ചയില്‍ അദ്ദേഹം രാജി സമര്‍പ്പിച്ചേക്കും. ഞായറാഴ്ച ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേയാണു കെജ്രിവാള് രാജിപ്രഖ്യാപിച്ചത്.
ജനങ്ങള്‍ വിധി പ്രഖ്യാപിക്കുന്നതുവരെ മുഖ്യമന്ത്രിസ്ഥാനത്തേക്കു മടങ്ങില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. 'എനിക്കു കോടതിയില്‍നിന്നു നീതി ലഭിച്ചു, ജനങ്ങളുടെ കോടതിയില്‍നിന്നും നീതി ലഭിക്കും. ജനങ്ങളുടെ ഉത്തരവിന് ശേഷം മാത്രമേ ഇനി ഞാന്‍ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കൂ,'- അദ്ദേഹം പറഞ്ഞു. പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ആം ആദ്മി എം.എല്‍.എമാരുടെ യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയിലെ മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ അറസ്റ്റിലായ കെജ്രിവാളിന് ആറ് മാസത്തിനു ശേഷമാണു സുപ്രീം കോടതി ജാമ്യം അനുവദിച്ച്.തൊട്ടുപിന്നാലെയാണ് അദ്ദേഹം രാജിപ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിനുശേഷം മാത്രമേ താനും അധികാര സ്ഥാനങ്ങള്‍ ഏറ്റെടുക്കൂവെന്നു മുതിര്‍ന്ന ആം ആദ്മി നേതാവും ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയും പറഞ്ഞു.ഇതോടെ തെരഞ്ഞെടുപ്പിന് മുമ്പുള്ള ഏാതാനും മാസത്തേക്ക് പാര്‍ട്ടിക്ക് ഒരു മുഖ്യമന്ത്രിയെ കണ്ടെത്തേണ്ടിവരും.
കെജ്രിവാളിന്റെ പ്രഖ്യാപനത്തെ ബി.ജെ.പി പരിഹസിച്ചു. മുഖ്യമന്ത്രിയാകണോ വേണ്ടയോ എന്നു ജനങ്ങള്‍ തീരുമാനിക്കണമെന്നാണ് കെജ്രിവാള് പറയുന്നതെന്ന് ഡല്‍ഹി ബി.ജെ.പി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവ പറഞ്ഞു. 'മൂന്ന് മാസം മുമ്പ് (ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത്) ജനങ്ങള്‍ അവരുടെ വിധി പ്രഖ്യാപിച്ചു. ' -അദ്ദേഹം പറഞ്ഞു.
ആം ആദ്മി പാര്‍ട്ടിയുമായി സഖ്യം ചേര്‍ന്ന് ഡല്‍ഹിയില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച കോണ്‍ഗ്രസ് കെജ്രിവാളിന്റെ നീക്കത്തെ രാഷ്ട്രീയ നാടകം എന്നാണ് വിശേഷിപ്പിച്ചത്. 'ഡല്‍ഹി വെള്ളപ്പൊക്കവും കുടിവെള്ള ക്ഷാമവും നേരിടുമ്പോള്‍ അദ്ദേഹം രാജിവച്ചിരുന്നെങ്കില്‍ നന്നായിരുന്നു. തന്റെ ഓഫീസിലെത്തി ഫയലുകളില്‍ ഒപ്പിടാന്‍ കഴിയുന്ന ഒരു പുതിയ മുഖ്യമന്ത്രിയെ ഡല്‍ഹിക്ക് ഉടന്‍ ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു'- ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ ദേവേന്ദ്ര യാദവ് പറഞ്ഞു.






