
അവധിക്കാലം ആഘോഷിക്കാൻ മകൾ റാഹ കപൂറിനൊപ്പം വിദേശത്തേക്ക് പറന്നിരിക്കുകയാണ് ബോളിവുഡ് താരദമ്പതികളായ ആലിയ ഭട്ടും രൺബീർ കപൂറും. ഇരുവരും മുംബൈ എയർപോർട്ടിൽ നിന്നും പുറപ്പെടുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. രൺബീറിനും ആലിയയ്ക്കും റാഹയ്ക്കുമൊപ്പം നടിയും രൺബീറിന്റെ അമ്മയുമായ നീതു കപൂറും എയർപോർട്ടിൽ എത്തിയിരുന്നു.
സർപ്രൈസായി മുത്തശ്ശിയെ കണ്ട കുഞ്ഞു റാഹയുടെ ആഹ്ലാദപ്രകടനമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മുത്തശ്ശിയെ കണ്ട റാഹ മധുരമായി പുഞ്ചിരിക്കുകയും ചിരിയോടെ ക്ലാപ്പ് ചെയ്യുന്നതും കാണാം.
കഴിഞ്ഞ ദിവസം, രൺബീർ കപൂറിനൊപ്പം കപൂർ കുടുംബത്തിലെ ഗണേശ ചതുർത്ഥി ആഘോഷങ്ങളിൽ പങ്കെടുക്കാനും റാഹ എത്തിയിരുന്നു. ഈ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
വേദാംഗ് റെയ്നയ്ക്കൊപ്പം അഭിനയിക്കുന്ന ജിഗ്രയാണ് ആലിയയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. ചിത്രം ഒക്ടോബർ 11ന് റിലീസ് ചെയ്യും. ഇത് കൂടാതെ, ആൽഫ എന്ന ചിത്രത്തിന്റെ ചിത്രീകരണവും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയുടെ സീസൺ 2 ലും ആലിയ ഉടൻ പ്രത്യക്ഷപ്പെടും.
ആലിയയും രൺബീറും ബ്രഹ്മാസ്ത്ര രണ്ടാം ഭാഗത്തിലും ലവ് & വാർ എന്ന ചിത്രത്തിലും ഒരുമിച്ച് അഭിനയിക്കും. ഇതുകൂടാതെ ആനിമൽ പാർക്ക്, രാമായണം എന്നിവയാണ് രൺബീറിന്റെ മറ്റുചിത്രങ്ങൾ.






