
ന്യൂഡല്‍ഹി: ജൂണില്‍ തുടര്‍ച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് ശേഷമുള്ള തന്റെ ആദ്യ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് സര്‍ക്കാരിലെ മന്ത്രിമാരുമായും സംസ്ഥാനത്തെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. മന്ത്രിമാരെ ഒറ്റയ്ക്കും നേരിട്ടും കണ്ട പ്രധാനമന്ത്രി മന്ത്രിമാര്‍ എന്ന നിലയില്‍ വകുപ്പുകളില്‍ അവര്‍ നടത്തിയ പ്രകടനം വിലയിരുത്തുകയും പരിശോധന നടത്തുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രധാനമന്ത്രി അവരുടെ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ തേടുകയും അവരുടെ വകുപ്പുകള്‍ ആരംഭിക്കുന്ന ജോലികള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നത് സംബന്ധിച്ച് അവരില്‍ നിന്നും വിവരം തേടുകയും ചെയ്തു. രാത്രി ഏറെ വൈകിയും നീണ്ട യോഗത്തില്‍ മന്ത്രിമാരുടെ റിപ്പോര്‍ട്ട് കാര്‍ഡുകള്‍ മോദി തന്നെ കണ്ടതായി പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. ഗുജറാത്ത് സര്‍ക്കാരിലും സംഘടനയിലും വരാനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും പ്രധാനമന്ത്രി മോദി മന്ത്രിമാരോട് ആരാഞ്ഞതായി അറിയുന്നു.
മന്ത്രിമാരെ കൂടാതെ ഗുജറാത്ത് സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. നവംബറില്‍ ഗുജറാത്ത് സര്‍ക്കാര്‍ മൂന്ന് ദിവസത്തെ ചിന്തന്‍ ശിബിര്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി മോദിക്ക് നല്കിയ ഒരു വര്‍ഷത്തെ റിപ്പോര്‍ട്ട് കാര്‍ഡിന്റെ അടിസ്ഥാനത്തിലാണ് ചിന്തന്‍ ശിബിറിലെ ചര്‍ച്ച. 2023 മെയ് മാസത്തില്‍ കെവാഡിയനിലാണ് അവസാന ചിന്തന്‍ ശിബിര്‍ നടന്നത്. അവിടെ ഒരു വര്‍ഷത്തെ അജണ്ട തീരുമാനിച്ചു. വരാനിരിക്കുന്ന നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഗുജറാത്ത് സര്‍ക്കാരിലും സംഘടനാ തലത്തിലും വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
തിങ്കളാഴ്ച അഹമ്മദാബാദില്‍ നടന്ന റാലിയില്‍ മോദി 8,000 കോടിയുടെ അനേകം വികസന പദ്ധതികള്‍ക്ക് തറക്കല്ലിടുകയും നമോ ഭാരത് റാപ്പിഡ് റെയില്‍ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. തിരഞ്ഞെടുപ്പ് കാലത്ത് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചും സംസാരിച്ചു. 100 ദിവസത്തിനുള്ളില്‍ 15 ലക്ഷം കോടി രൂപയുടെ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും. 3 കോടി പുതിയ വീടുകള്‍ നിര്‍മ്മിക്കുമെന്ന് തിരഞ്ഞെടുപ്പ് കാലത്ത് നല്കിയ വാഗ്ദാനം അതിവേഗം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






