
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി പദവി രാജിവച്ചു. ലഫ്റ്റനൻ്റ് ഗവർണറെ നേരിൽ കണ്ട് രാജിക്കത്ത് നൽകിയ ശേഷം കെജ്രിവാൾ മടങ്ങി. അതിഷി മർലേനയും സൗരഭ് ഭരദ്വാജും ഗോപാൽ റായിയും ലഫ്റ്റനൻ്റ് ഗവർണറുമായി നടത്തിയ കൂടിക്കാഴ്ചയിൽ, അതിഷി പുതിയ സർക്കാർ രൂപീകരിക്കാൻ അവകാശ വാദം ഉന്നയിച്ചു.
എഎപി ഇന്നലെ കെജ്രിവാൾ രാജി പ്രഖ്യാപനം നടത്തിയ പശ്ചാത്തലത്തിലാണ് പുതിയ മുഖ്യമന്ത്രിക്കായി ചർച്ച നടത്തിയത്. ഇന്ന് രാവിലെ ചേർന്ന എംഎല്‍എമാരുടെ നിര്‍ണായക യോഗത്തിൽ അതിഷി മര്‍ലേനയെ മുഖ്യമന്ത്രിയായി തീരുമാനിച്ചു. ഈ മാസം 26,27 തീയതികളിലായി ദില്ലി നിയമസഭ സമ്മേളനം ചേരും. ഇതിൽ പുതിയ മുഖ്യമന്ത്രിയും സർക്കാരും ഭൂരിപക്ഷം തെളിയിക്കും. അടുത്ത മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കുമെന്ന പ്രമേയം കെജ്രിവാളാണ് യോഗത്തില്‍ അവതരിപ്പിച്ചത്. എംഎല്‍എമാരുടെ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിൽ അതിഷി മര്‍ലേനയെ മുഖ്യമന്ത്രിയായി ആം ആദ്മി നേതാവ് ഗോപാൽ റായ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
11 വര്‍ഷത്തിന് ശേഷമാണ് അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി പദം ഒഴിയുന്നത്. കെജ്രിവാള് മന്ത്രിസഭയില്‍ വിദ്യാഭ്യാസ, പൊതുമരാമത്ത്, ടൂറിസം മന്ത്രിയായിരുന്നു അതിഷി. എഎപിയുടെ ആദ്യ വനിത മുഖ്യമന്ത്രി കൂടിയാണ് അതിഷി മര്‍ലേന.






