
ജോലി മേഖലയിലെ വിശ്രമമില്ലായ്മയും അമതഭാരവും പലപ്പോഴും ആളുകളില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കാറുണ്ട്. ഇപ്പോഴിതാ പതിനെട്ടു മണിക്കൂറോളം വിശ്രമമില്ലാതെ ജോലി ചെയ്ത ഡെലിവറി ഏജന്റ് കുഴഞ്ഞുവീണ് മരിച്ച വാര്‍ത്തയാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. കിഴക്കന്‍ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ ഹാങ്ഷൗവില്‍ 55 കാരനായ യുവാന്‍ എന്ന ഡ്രൈവറാണ് ദാരുണമായി മരണപ്പെട്ടത്. സെപ്റ്റംബര്‍ 6 നാണ് ഇദ്ദേഹം കുഴഞ്ഞ് വീണ് മരിച്ചതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവം സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചായായി. തൊഴിലാളികള്‍ക്ക് രാജ്യത്ത് ഒരു സുരക്ഷയും ഇല്ലാത്ത അവസ്ഥയായെന്ന് ചിലര്‍ പറയാതെ പറഞ്ഞു. മറ്റ് ചിലര്‍ തൊഴിലുടമകള്‍ തങ്ങളുടെ തൊഴിലാളികളോട് കുറച്ച് കൂടി മനുഷ്യത്വപരമായി പെരുമാറണമെന്ന് അഭിപ്രായപ്പെട്ടു.
യുവാന്‍, 18 മണിക്കൂറോളം തുടര്‍ച്ചയായി ജോലി ചെയ്തതിന് ശേഷം തളര്‍ന്ന് തന്റെ ഇലക്ട്രിക് സ്കൂട്ടറില്‍ വിശ്രമിക്കുന്നതിനിടയിലാണ് കുഴഞ്ഞു വീണത്. പിന്നാലെ മരണം സംഭവിച്ചു. സെപ്തംബര്‍ 5 ന് രാത്രി 9 മണി മുതല്‍ തുടര്‍ച്ചയായി 18 മണിക്കൂറാണ് അദ്ദേഹം ജോലി ചെയ്തത്. തനിക്ക് പകരം മറ്റൊരു ഡ്രൈവര്‍ ജോലിക്ക് കയറുന്നത് വരെ അദ്ദേഹം തന്റെ ജോലി തുടര്‍ന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. വിശ്രമമില്ലാതെ പണിയെടുക്കുന്നത് യുവാന്റെ പതിവായിരുന്നെന്നും അതുകൊണ്ടുതന്നെ 'ഓര്‍ഡര്‍ കിംഗ്' എന്ന പേരിലായിരുന്നു ഇദ്ദേഹം അറിയപ്പെട്ടിരുന്നതെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.
വിശ്രമമില്ലാതെ ജോലി ചെയ്ത് തന്റെ കുടുംബത്തെ പോറ്റിയിരുന്ന അദ്ദേഹം ഒരു ദിവസം 500 മുതല്‍ 700 യുവാന്‍ വരെ (5,000 മുതല്‍ 8,000 രൂപ വരെ) സമ്പാദിക്കുമായിരുന്നുവെന്നും സഹപ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, വിശ്രമമില്ലാത്ത ജോലി അദ്ദേഹത്തെ മരണത്തിലേക്ക് തള്ളിവിടുകയായിരുന്നു എന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ്റിപ്പോര്ട്ട് ചെയ്യുന്നത്. അദ്ദേഹത്തിന്റെ മരണം ചൈനീസ് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഇത്തരം ദുരന്തങ്ങള്‍ ഇനിയെങ്കിലും സംഭവിക്കാതിരിക്കാന്‍ തൊഴിലുടമകളുടെ ഭാഗത്ത് നിന്നും ഇടപെടല്‍ വേണം. തൊഴിലാളികള്‍ക്ക് ആവശ്യത്തിന് വിശ്രമം അനുവദിച്ച് കൊണ്ടുള്ള തൊഴില്‍ സമയ ക്രമീകരണങ്ങള്‍ നടത്തണം എന്നീ നിര്‍ദ്ദേശങ്ങള്‍ ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ ഉയരുകയാണ്.






