
തിരുപ്പതി പ്രസാദമായി നല്കുന്ന ലഡ്ഡുവില്‍ മൃഗക്കൊഴുപ്പില്‍ നിന്നുള്ള നെയ്യ് ഉപയോഗിച്ചെന്ന ആരോപണം വന്‍ വിവാദമാകുന്നതിനിടയില്‍ സമാനസംശയം പഴനി ക്ഷേത്രവുമായി ബന്ധപ്പെടുത്തിയും ഉയരുന്നു. പഴനി മുരുകന് ക്ഷേത്രത്തിലെ പ്രസാദത്തിനായി നെയ് വിതരണം ചെയ്യുന്ന എആര്‍ ഡയറി ഫുഡ്സ് എന്ന കമ്പനിയുമായി ബന്ധപ്പെടുത്തി ആരോപണം ഉയര്‍ത്തിയിരിക്കുന്നത്.
പഴനിമുരുകന്‍ ക്ഷേത്രത്തിലെ പ്രസാദമായ പഞ്ചാമൃതം ഉണ്ടാക്കാനുള്ള നെയ്യും പശുവിന്റെ കൊഴുപ്പ് കലര്‍ത്തിയെന്നാണ് ഉയര്‍ന്നിട്ടുള്ള ആക്ഷേപം. തിരുപ്പതിയിലെ പ്രശസ്തമായ ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തില്‍ പ്രസാദമായി വിതരണം ചെയ്യുന്ന ലഡു തയ്യാറാക്കാന്‍ ബീഫ് ടാലോ, ഫിഷ് ഓയില്‍, പാമോയില്‍ എന്നിവ ഉപയോഗിച്ചതായി ഗുജറാത്തിലെ ഒരു ലാബില്‍ നടത്തിയ ടെസ്റ്റിന്റെ റിസള്‍ട്ടാണ് പുറത്തുവന്നത്.
ഇത് ആയുധമാക്കി ആന്ധ്രയിലെ കഴിഞ്ഞ വൈഎസ്ആര്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേ നിലവിലെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആഞ്ഞടിച്ചിരുന്നു. തിരുപ്പതി ലഡ്ഡു നിര്‍മ്മിക്കാന്‍ നല്കിയ നെയ്യില്‍ പശുവിന്റെ കൊഴുപ്പ് കലര്‍ത്തിയെന്നാരോപിച്ച് കരിമ്പട്ടികയില്‍പ്പെട്ട എആര്‍ ഡയറി ഫുഡ്സ് എന്ന കമ്പനിയുടെ ഉടമയാണ് രാജശേഖരനെന്നും പഴനിയിലെ പ്രസാദത്തിന്റെ ഗുണനിലവാരം കുറഞ്ഞതായി ആള്ക്കാര് പരാതിപ്പെടുന്നുണ്ടെന്നുമാണ് ബിജെപിയെ ഉദ്ധരിച്ച് ദി കമ്യൂണ്‍ അടക്കമുള്ളവര്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
പഴനി പഞ്ചാമൃതം പ്രസാദത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് നിരവധി ഭക്തര്‍ കുറച്ചുകാലമായി ആശങ്ക ഉന്നയിച്ചിരുന്നു. തമിഴ്നാട്ടിലെ ദിണ്ടിഗല്‍ ആസ്ഥാനമായുള്ള എആര്‍ ഡയറി ഫുഡ്സും തിരുപ്പതി ക്ഷേത്രത്തിലേക്ക് മായം കലര്‍ന്ന നെയ്യ് വിതരണം ചെയ്തതില്‍ പങ്കുള്ളതായി ആരോപണമുയര്‍ന്നിട്ടുണ്ട്. ആന്ധ്രാപ്രദേശിന് തിരുപ്പതി പോലെയാണ് തമിഴ്നാടിന് പഴനിയും. അതേസമയം ആരോപണങ്ങള്‍ എച്ച്ആര്‍ ആന്‍ഡ് സിഇ നിഷേധിച്ചിട്ടുണ്ട്. പഞ്ചാമൃതം നിര്‍മ്മിക്കാന്‍ ശരിയായ നെയ്യ് മാത്രമാണ് ഉപയോഗിക്കുന്നതെന്ന് അവര്‍ പറയുന്നു.





