
മകള്‍ അഹാനയെക്കുറിച്ച് ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് അമ്മ സിന്ധു കൃഷ്ണ. കുടുംബസമേതം ബാലിയിലേക്ക് നടത്തിയ യാത്രയിലെ നിമിഷങ്ങള്‍ ഓര്‍ത്തെടുത്താണ് സിന്ധു അഹാനയോടു നന്ദി പറഞ്ഞത്. അമ്മൂ നിന്നെപ്പോലൊരു മകള്‍ എല്ലാ അമ്മമാര്‍ക്കും ഉണ്ടാകണം എന്നായിരുന്നു അഹാനയെക്കുറിച്ച് സിന്ധു കുറിച്ചത്.
'ഊട്ടിയിലെ ബോര്‍ഡിങ് സ്കൂളിലായിരുന്നപ്പോള്‍ ആവശ്യത്തില്‍ അധികം സാഹസികതകള്‍ ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോള്‍ അതിനൊന്നും സാധിക്കാറില്ല. ഇഷ്ടമുളളതെല്ലാം ചെയ്യാനാകുന്ന പ്രായമോ ആരോഗ്യമോ ഇല്ല എന്നാല്‍ ഈ ബാലി യാത്രയില്‍ കുട്ടികളുടെ നിര്‍ബന്ധത്തില്‍ എല്ലാ പേടികളെയും എനിക്ക് തോല്പ്പിക്കാനായി.
അമ്മൂ എല്ലാ അമ്മമാര്‍ക്കും നിന്നെപ്പോലെ ഒരു കുട്ടി ഉണ്ടാവണം. ജീവിതത്തിലേക്ക് ഒരുപാടു സന്തോഷം തന്ന കുട്ടിയാണ് നീ. ആയിരം പടികളില്‍ ഓരോന്നും പതുക്കെ കയറുമ്പോള്‍ നീ എന്റെ ഒപ്പം നിന്നു. വീഴുമെന്നുതോന്നിയപ്പോഴൊക്കെ പുറകില്‍ താങ്ങായി നീ ഉണ്ടായിരുന്നു.
കടല്‍ത്തിരകളില്‍ നില്ക്കുമ്പോള് നീയെന്നെ മുറുക്കിപ്പിടിച്ചു. ജീവിതം മുഴുവനും ഓര്‍ക്കാനുളള ഓര്മകളുണ്ടാക്കി. നന്ദി അമ്മു. കൂടാതെ എന്നെ സഹായിച്ച ഓസിക്കും ഇഷാനിക്കും ഹന്‍സുവിനും അശ്വിനും നന്ദി' സിന്ധു കുറിച്ചു.






