
ഷിംല: ജല്ലിക്കെട്ടുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ തെക്കന്‍ഭാഗമായ തമിഴ്നാട്ടിലാണ് ജനകീയ പ്രക്ഷോഭമെങ്കിലും അതിന്റെ പ്രകമ്പനം വന്നു കൊള്ളുന്നത് കിഴക്കന്‍ സംസ്ഥാനമായ ഹിമാചല്‍ പ്രദേശില്‍ കൂടിയാണ്. മൃഗങ്ങളുമായി ബന്ധപ്പെട്ട സാംസ്ക്കാരികതയുടെ പേരില്‍ വന്‍തോതില്‍ മൃഗബലി നടത്തുന്ന സാഹചര്യത്തില്‍ വിവാദത്തില്‍ പെട്ടിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഹിമാചല്‍ പ്രദേശും വരും.
മൃഗസ്നേഹികളുടെ മുറവിളിയെ തുടര്‍ന്ന് മൃഗബലി നിര്ത്തലായെങ്കിലും ഇക്കാര്യം ആവശ്യപ്പെട്ട തമിഴ്നാട്ടിലേതുപോലെയുള്ള പ്രക്ഷോഭം ഹിമാചലിലും ഉയരുമോ എന്നാണ് ആശങ്ക. 2014 ല്‍ ഹിമാചല്‍ കോടതി നിരോധിച്ചതിന് ശേഷം ജനങ്ങള്‍ മൃഗബലിക്ക് പകരം തേങ്ങഉടയ്ക്കല് ശീലിച്ചു തുടങ്ങിയെങ്കിലൂം തമിഴ്നാട് വിതയ്ക്കുന്ന പ്രതിഷേധത്തിന്റെ വിത്തില്‍ ഹിമാചലും ആശങ്കയിലാണ്. 2014 സെപ്തംബര്‍ 1 ന് വിധി വന്നതിന് പിന്നാലെ വിധി സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി ചില ഭക്തരും പൂജാരിമാരും രംഗത്ത് വന്നെങ്കിലൂം ഉത്തരവ് സര്‍ക്കാര്‍ സമാധാനപരമായി നടപ്പാക്കുക തന്നെ ചെയ്തു. ജല്ലിക്കെട്ട് പ്രക്ഷോഭം ഉയര്‍ന്ന സാഹചര്യത്തില്‍ മൃഗബലിക്ക് വേണ്ടി ജനങ്ങള്‍ തെരുവില്‍ എത്തുമോ എന്നാണ് ഇവരുടെ ആശങ്ക.
അതേസമയം ഹിമാചലില്‍ മാത്രമല്ല ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും മൃഗബലി വ്യാപകമായി നടക്കുന്നുണ്ട്. ബംഗലുരുവിലെ ബണ്ണര്ഗട്ട നാഷണല്‍ പാര്ക്കിന് പുറത്ത് രണ്ടു കാളകളെയും രണ്ട് ആടുകളെയും ബലികഴിക്കുന്ന ഊരുഹബ്ബ ഉത്സവം മൃഗബലിക്ക് പേരുകേട്ടതാണ്. മൃഗങ്ങളുടെ ശരീരത്തേക്ക് തൃശൂലം കുത്തിക്കയറ്റി അതിലൂടെ വരുന്ന രക്തം കുടിക്കുന്ന ആചാരമാണ് ഈ മൃഗബലിയില്‍ ആള്ക്കാര് പതിവായി ചെയ്യുന്നത്. നൂറു കണക്കിന് പേരാണ് കൊല്ലാനായി ആട്ടിന്കുഞ്ഞുങ്ങളുമായി ഇവിടെയെത്തുന്നത്.
കര്‍ണാടകത്തിലെ തന്നെ മെയ്ലാപ്പുര് ജില്ലയിലെ യാദ്ഗിരി ജില്ലയിലെ ആഘോഷവും മൃഗബലിക്ക് പേരു കേട്ടതാണ്. മൈലേശ്വരയുടെ പല്ലക്കിലേക്ക് കുഞ്ഞാടിനെ വലിച്ചെറിഞ്ഞ ശേഷം കൊല്ലുന്നതാണ് ഈ ബലി. മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലെ പിമ്പിള്ദാരി ഗ്രാമത്തിലെ ശ്രീയദുമാതാ ക്ഷേത്രത്തില്‍ നടക്കുന്ന വാര്‍ഷിക രഥയാത്രയുടെ ഭാഗമായി ബലികഴിക്കുന്നത് 1,500 ആടുകളെയാണ്. 2012 ല്‍ തമിഴ്നാട്ടിലെ ചൈത്രമാസത്തില്‍ പൂസെയൂരിലെ ഒരു ക്ഷേത്രത്തില്‍ 5000 ആട്ടിന്‍ കുഞ്ഞുങ്ങളെയാണ് ബലി കഴിച്ചത്.
ഈ ആട്ടിന്കുട്ടികളുടെ രക്തം പുരോഹിതനും വിശ്വാസികളും പാനം ചെയ്യുകയുമുണ്ടായി. മദ്ധ്യപ്രദേശിലെ ജുബുവാ ജില്ലയിലെ റാണാപൂരിലെ ബാബ ഡോംഗാറിന് പക്ഷി മൃഗാദികളായ 500 ജീവനുകള്‍ ബലികഴിച്ചതും വാര്‍ത്തയായിരുന്നു. ഷിംലയ്ക്ക് സമീപമുള്ള ക്ഷേത്രങ്ങളില്‍ ദുഷ്ടശക്തികളില്‍ നിന്നും രക്ഷനേടുന്നതിനുള്ള കാളിപ്രീതിക്കായി മൃഗബലി പതിവാണ്. ബെഡാ എന്ന് വിളിക്കുന്ന മനുഷ്യന് കത്തി ഉപയോഗിച്ച് അനേകം മൃഗങ്ങളെ കൊല്ലുന്നത് ഷാന്‍ഡ്, ബുന്ദാ തുടങ്ങിയ ആഘോഷങ്ങളിലാണ്. പൂനെയ്ക്ക സമീപമുള്ള പ്രദേശങ്ങളില്‍ വേട്ടാലദേവന് വേണ്ടിയും ആടുകളെയും കുളക്കോഴികളെയും ബലി നല്‍കാറുണ്ട്. പശ്ചിമബംഗാളിലെ കാളീഘട്ടില്‍ എല്ലാവര്‍ഷവും ബലികഴിക്കപ്പെടുന്നത് ആയിരക്കണക്കിന് മൃഗങ്ങളെയാണ്.
കൊല്ലുന്നതിന് മുമ്പായി മൃഗങ്ങളുടെ ചെവിയില്‍ ഗായത്രിമന്ത്രം ചൊല്ലാറുണ്ട്. ഇതിനേക്കാളൊക്കെ വിചിത്രമായിരുന്നു ഗോവയിലെ ആചാരങ്ങള്‍. സെന്റ്ജോണ്‍സ് ബാപ്റ്റിസത്തിന് ഗോവയിലെ ടെറെകോളില് കൗമാരക്കാരായ കുട്ടികള്‍ പന്നിക്കുഞ്ഞുങ്ങളെ കടിച്ചു കൊല്ലുന്ന ആചാരമുണ്ടായിരുന്നു. മൃഗസ്നേഹികളുടെ മുറവിളിയെ തുടര്‍ന്ന് 1989 ല്‍ ഇത് നിര്‍ത്തലാക്കുകയും ചെയ്തിരുന്നു.






