
ന്യുഡല്‍ഹി: രാജ്യത്തെ കോടതികളില്‍ എത്തുന്ന അഭിഭാഷകരില്‍ പകുതിയും വേണ്ടത്ര യോഗ്യത ഇല്ലാത്തവരോ വ്യാജന്മാരോ ആണെന്ന് ഇന്ത്യന്‍ ബാര്‍ കൗണ്‍സില്‍. കൗണ്‍സില്‍ മേധാവി മനന്‍ കുമാര്‍ മിശ്രയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് കെ.എസ് ഖെഹാറിനു മുമ്പാകെ സമര്‍പ്പിച്ചത്. അഭിഭാഷകരുടെ യോഗ്യത സംബന്ധിച്ച് കൂടുതല്‍ പരിശോധനകള്‍ നടന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അഭിഭാഷകരായി കോടതിയില്‍ എത്തുന്നവരില്‍ 45% പേരും ശരിയായ യോഗ്യതകളില്ലാത്തവരാണ്. ഇതിനുപുറമേ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുള്ളവരും സര്‍ട്ടിഫിക്കറ്റുകള്‍ പോലും ഇല്ലാത്തവരും കോടതിയില്‍ എത്തുന്നുണ്ട്. ബാര്‍ കൗണ്‍സില്‍ ലൈസന്‍സ് ഇല്ലാത്തവരുമുണ്ടെന്നും മനന്‍കുമാര്‍ മിശ്ര പറയുന്നു.
2012ലെ ബാര്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് കണക്ക് പ്രകാരം 14 ലക്ഷം അഭിഭാഷകരാണ് രാജ്യത്തുള്ളത്. എന്നാല്‍ ബാര്‍ കൗണ്‍സിലിന്റെ പരിശോധനയില്‍ 6.5 പേരെ മാത്രമേ യോഗ്യതയുള്ളവരായി കണ്ടെത്തിയത്. അയോഗ്യരെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതോടെ അഭിഭാഷകരുടെ എണ്ണത്തില്‍ 45 ശതമാനത്തോളം കുറവ് വരുമെന്നാണ് കണക്കാക്കുന്നത്.






