
പാലാ: റോഡരികില്‍ സംസാരിച്ച് നില്‍ക്കുകയായിരുന്ന സ്കൂട്ടര്‍ യാത്രികരെ തട്ടിവീഴ്ത്തിയതിനെത്തുടര്ന്ന് അടിയില്‍ അകപ്പെട്ട സ്കൂട്ടറുമായി ടോറസ് ലോറി ഓടിയത് 8 കിലോമീറ്റര്‍. തെറിച്ചുവീണ യുവാക്കള്‍ പരിക്കുകളോടെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തിങ്കളാഴ്ച അര്‍ദ്ധരാത്രി പാലായിലാണ് അപകടമുണ്ടായത്. ലോറിക്കടിയില്‍ കുടുങ്ങിയ സ്കൂട്ടറുമായി നിര്‍ത്താതെ പോയ ലോറി മരങ്ങാട്ടുപിള്ളിയ്ക്ക് സമീപമാണ് ഇടിച്ചു നിന്നത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് യുവാക്കളെ പാലാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. പാലാ ബൈപാസ് പാലാ-കോഴാ റോഡുമായി ചേരുന്ന ആര്.വി ജങ്ഷനില്‍ രാത്രി 11.30 ഓടെ യായിരുന്നു സംഭവങ്ങളുടെ തുടക്കം. റോഡരികില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന യുവാക്കളുടെയും സ്കൂട്ടറിന്റെയും മേല്‍ ലോറി ഇടിക്കുകയായിരുന്നു. അപകടത്തില്‍ മേവട സ്വദേശികളായ എഴുത്തുപള്ളിക്കല്‍(തൊടുകയില്‍)അലന് കുര്യന് (26 )മാളികപ്പറമ്പില്‍ നോബി തോമസ്(25) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. അപകടത്തെത്തുടര്‍ന്ന് ലോറി എറണാകുളം ഭാഗത്തേക്ക് ഓടിച്ചു പോയി. സ്കൂട്ടര്‍ ലോറിക്ക് അടിയില്‍ കുരുങ്ങിയ നിലയിലായിരുന്നു. സ്കൂട്ടറിന്റെ ബോഡി റോഡില്‍ ഉരഞ്ഞ് തീപ്പൊരി ചിതറിയെങ്കിലും ലോറി നിര്‍ത്തിയില്ല. മരങ്ങാട്ടുപിള്ളി ഇല്ലിക്കല്‍ താഴെ വളവിന് സമീപം നിയന്ത്രണം വിട്ട ലോറി വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു കയറിയാണ് നിന്നത്.
ഇതോടെ ലോറി ഡ്രൈവറെ അടക്കം ഇറങ്ങി ഓടിയ.8 കിലോമീറ്റര്‍ ഓളം റോഡില്‍ ഉരഞ്ഞ സ്കൂട്ടര്‍ പൂര്‍ണ്ണമായും നശിച്ചു. ലോറിയില്‍ ലോഡ് ഉണ്ടായിരുന്നില്ല. ലോറിയില്‍ നിന്നും മദ്യക്കുപ്പികളും ഛര്‍ദ്ദിലിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി. ലോറിയില്‍ ഉണ്ടായിരുന്നവര്‍ മദ്യപിച്ചിരുന്നതായാണ് സംശയം. അടൂര്‍ സ്വദേശി അച്യുതന്(32) ആണ് ഡ്രൈവറെന്നും ആലുവ സ്വദേശിയുടേതാണ് ലോറിയെന്നും കണ്ടെത്തിയിട്ടുണ്ട്.






