
മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സിനിമാ-സീരിയല്‍ താരമായ ശ്രീവിദ്യ രണ്ടാഴ്ച മുമ്പാണ് സംവിധായകൻ രാഹുല്‍ രാമചന്ദ്രന്റെയും വിവാഹം ചെയ്തത്. സോഷ്യല്‍മീഡിയ ആഘോഷിച്ച വിവാഹമായിരുന്നു ഇരുവരുടെയും. ആറ് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷം ഒന്നായതാണ് ഇവര്‍. അഭിനേത്രി എന്ന നിലയില്‍ മാത്രമല്ല യുട്യൂബ് വ്ലോഗറായും തിളങ്ങി നില്ക്കുന്ന താരമാണ് ശ്രീവിദ്യ. എല്ലാ വിശേഷങ്ങളും അതിലൂടെ പങ്കിടാറുണ്ട് താരം.
ഇപ്പോഴിതാ ശ്രീവിദ്യ കഴിഞ്ഞ ദിവസം പങ്കിട്ട വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഒരുപാട് നാളായുള്ള ഒരു ആഗ്രഹം ഭർത്താവ് രാഹുല്‍ സാധിച്ച് തന്നതിന്റെ വിശേഷമാണ് ശ്രീവിദ്യ പങ്കിട്ടിരിക്കുന്നത്. മൂക്ക് കുത്തണമെന്ന ആഗ്രഹം വളരെ നാളുകളായി ശ്രീവിദ്യയ്ക്കുണ്ട്. എന്നാല്‍ അച്ഛന്റെ സമ്മതം ലഭിക്കാതിരുന്നതിനാല്‍ ആ ആഗ്രഹം ഏറെ നാളുകളായി മാറ്റിവെച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാഹുലും ശ്രീവിദ്യയും ശ്രീവിദ്യയുടെ നാടായ കാസർഗോഡ് വന്നിരുന്നു. ഒരു ഫങ്ഷന് വേണ്ടിയാണ് ഇരുവരും എത്തിയത്.
വിവാഹശേഷം ശ്രീവിദ്യയുടെ യുട്യൂബ് ചാനലിലെ തൊഴിലാളിയായി താനും മാറിയെന്ന് പുതിയ വ്ലോഗില്‍ രാഹുല്‍ പറയുന്നു. കാരണം ശ്രീവിദ്യയ്ക്ക് വേണ്ടി ഇൻട്രോ അടക്കം പറയുന്നത് രാഹുലാണ്. പൊതുവെ ചായയുമായി ചെന്ന് ഭർത്താവിനെ വിളിച്ചുണർത്തുന്ന ഭാര്യമാരെയാണ് കാണാറുള്ളതെങ്കില്‍ ഇവിടെ രാഹുലാണ് ആദ്യം എഴുന്നേറ്റ് ഒരു ചായയുമായി ചെന്ന് ശ്രീവിദ്യയെ വിളിച്ച് ഉണർത്തുന്നത് കാണാം.
ശേഷം അച്ഛനും അമ്മയ്ക്കും ഭർത്താവിനും ഒപ്പം ശ്രീവിദ്യ കുറച്ച് ഷോപ്പിങ്ങാനായി ടൗണിലേക്ക് ഇറങ്ങി. താലിയിടുന്ന ചെയിൻ മാറ്റി വാങ്ങുകയെന്നതായിരുന്നു പ്രധാന ഉദ്ദേശം. അതിനായി ജ്വല്ലറിയില്‍ കയറിയപ്പോഴാണ് മൂക്ക് കുത്തണമെന്ന തന്റെ ആഗ്രഹത്തെ കുറിച്ച് രാഹുലിനോട് ശ്രീവിദ്യ പറഞ്ഞത്. രാഹുല്‍ സമ്മതം പറഞ്ഞുവെങ്കിലും അച്ഛന്റെ സമ്മതം ഇല്ലെങ്കില്‍ മൂക്കുത്തി എന്ന സ്വപ്നം ഉപേക്ഷിക്കുമെന്ന നിലപാടിലായിരുന്നു ശ്രീവിദ്യ.
മുമ്പൊരിക്കല്‍ മൂക്ക് കുത്തുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അച്ഛൻ സമ്മതിച്ചില്ലെന്നും സമ്മതമില്ലാതെ കുത്തിയാല്‍ വീടിന്റെ പടിക്ക് പുറത്താക്കുമെന്നാണ് പറഞ്ഞിരുന്നതെന്നും ശ്രീവിദ്യ പറയുന്നു. ഇനിയിപ്പോള്‍ വീട്ടില്‍ നിന്നും പുറത്താക്കിയാല്‍ കുഴപ്പമില്ലെന്നും കയറി ചെല്ലാൻ രാഹുലിന്റെ വീടുണ്ടെന്നും പറഞ്ഞാണ് സമ്മതം വാങ്ങാൻ അച്ഛന്റെ അടുത്തേക്ക് ശ്രീവിദ്യ ചെന്നത്.
രാഹുല്‍ ഒപ്പം ഉണ്ടായിരുന്നത് കൊണ്ടാകണം അധികം എതിർക്കാൻ നില്‍ക്കാതെ അച്ഛൻ സമ്മതം പറയുന്നത് കാണാം. എന്നാല്‍ ഉറുമ്പ് കടിക്കുന്ന വേദന പ്രതീക്ഷിച്ചുപോയ ശ്രീവിദ്യ മൂക്ക് കുത്തിയശേഷം കുറച്ച്നേരം ഒരു മരവിച്ച അവസ്ഥയിലായിരുന്നു എന്ന് പറയുന്നതും വീഡിയോയിലുണ്ട്. ഇത്രത്തോളം വേദന പ്രതീക്ഷിച്ചില്ലെന്നും വേദനയുണ്ടാകും ഭർത്താവിനെ വിശ്വസിക്കരുതെന്നും താൻ പറയുന്നത് കേള്‍ക്കാനും അച്ഛൻ പറഞ്ഞതാണെന്നും ശ്രീവിദ്യ തമാശയായി പറയുന്നുണ്ട്.
മുറിവ് ഉണങ്ങിയശേഷം ധരിക്കാനായി ഒരു ഡയമണ്ട് മൂക്കുത്തിയും രാഹുല്‍ ശ്രീവിദ്യയ്ക്ക് വാങ്ങി കൊടുക്കുന്നതും വീഡിയോയിലുണ്ട്. മൂക്ക് കുത്തുന്നതിനെ എതിർത്തിരുന്ന അച്ഛന് പോലും മൂക്ക് കുത്തിയശേഷമുള്ള ശ്രീവിദ്യയുടെ ലുക്ക് ഇഷ്ടപ്പെട്ടതായും പറയുന്നുണ്ട്. രാഹുലിന്റെ അമ്മയും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം മൂക്ക് കുത്തിയതോടെ ശ്രീവിദ്യ കൂടുതല്‍ സുന്ദരിയായി എന്നാണ് അഭിപ്രായപ്പെടുന്നത്. പ്രേക്ഷകർക്കും മൂക്ക് കുത്തിയശേഷമുള്ള ശ്രീവിദ്യയുടെ ലുക്കിനെ ഇഷ്ടപ്പെട്ട് കമന്റുകള്‍ കുറിക്കുന്നുണ്ട്.
അടുത്തിടെയായി ഏറ്റവും കൂടുതല്‍ ആരാധകരുള്ള സെലിബ്രിറ്റി കപ്പിളാണ് ശ്രീവിദ്യയും രാഹുലും. രണ്ടുപേരും ഇരുവരുടെയും കരിയറിന്റെ തുടക്കത്തിലാണ് പരിചയപ്പെട്ടത് പിന്നീടാണിവര്‍ പ്രണയത്തിലായത്. സ്റ്റാർ മാജിക്ക് ഷോയുടെ ഭാഗമായശേഷമാണ് ശ്രീവിദ്യയ്ക്ക് ആരാധകർ കൂടിയത്. ഒരു പഴയ ബോംബ് കഥ, നൈറ്റ് ഡ്രൈവ് അടക്കമുള്ള സിനിമകളിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ ശ്രീവിദ്യ ചെയ്തിട്ടുണ്ട്.
രാഹുല്‍ രാമചന്ദ്രൻ സുരേഷ് ഗോപി സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്.






