
മൂവാറ്റുപുഴ: വയോധികയെ കൊലപ്പെടുത്തിയ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതിക്കു പോക്സോ കേസില്‍ 80 വര്‍ഷം തടവും 55,000 രൂപ പിഴയും ശിക്ഷ. ഇടുക്കി വാഗമണ്‍ കാപ്പിപതാല്‍ കുറ്റിയില്‍ മനോജി(48) നെയാണ് മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി ജി. മഹേഷ് ശിക്ഷിച്ചത്. മാതാപിതാക്കള്‍ മരിച്ച പതിനഞ്ചുകാരിയെ 2021 ജൂലൈ മുതല്‍ 2022 ഡിസംബര്‍ വരെ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. പെണ്‍കുട്ടിക്ക് ഒരു സഹോദരിമാത്രമാണുള്ളത്. ഇവര്‍ മറ്റു വീടുകളില്‍ അടുക്കള ജോലി ചെയ്തുവരികയായിരുന്നു.
അമ്മൂമ്മമാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇരയായ പെണ്‍കുട്ടി സ്കൂളില്‍ താമസിച്ചു പഠിക്കുകയായിരുന്നു. അവധിക്ക് അമ്മൂമ്മ വാടകയ്ക്കു താമസിച്ചിരുന്ന പള്ളിചിറങ്ങരയിലെ വീട്ടിലേക്കു വന്നു. വയോധികമാത്രമുള്ള വീട്ടിലെ അവസരം മുതലെടുത്താണു പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പീഡനം ആവര്‍ത്തിച്ചതോടെ കുട്ടി അമ്മൂമ്മയോടു വിവരം പറഞ്ഞു. നിസഹായാവസ്ഥയിലായിരുന്ന വയോധിക എവിടെയെങ്കിലും പോയി രക്ഷപ്പെടാന്‍ പെണ്‍കുട്ടിയെ ഉപദേശിച്ചു. അതോടെ തൃക്കളത്തൂര്‍ പള്ളിപ്പടിയില്‍ താമസിച്ചിരുന്ന തമിഴ്നാട് സ്വദേശി അരുണ്‍ എന്ന യുവാവിനൊപ്പം പെണ്‍കുട്ടി തെങ്കാശിയിലേക്കു പോയി. ഇൗ വിവരം മറ്റാര്‍ക്കും അറിയില്ലായിരുന്നു.
പിന്നീടു നടന്നതു സിനിമയെ വെല്ലുന്ന സംഭവങ്ങളായിരുന്നു. പതിവുപോലെ വീട്ടിലെത്തിയ പ്രതി പെണ്‍കുട്ടിയെ കാണാതായതോടെ രോഷാകുലനായി വയോധികയെ മര്‍ദ്ദിച്ചു. മര്‍ദ്ദനത്തിനിടെ തെറിച്ചു വീണ് ചുവരില്‍ തലയിടിച്ച് വയോധിക മരണമടഞ്ഞു. പ്രതി രക്ഷപ്പെടുകയും ചെയ്തു. വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തിയതായി നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് മൂവാറ്റുപുഴ പോലീസ് നടത്തിയ അനേ്വഷണത്തിലാണ് കൊലപാതകവും പീഡന വിവരവും പുറത്തുവന്നത്.
വയോധികയുടെ മരണത്തെത്തുടര്‍ന്ന് ഇന്‍ക്വസ്റ്റ് തയാറാക്കാനെത്തിയ പോലീസിനോട്, വീട്ടില്‍ ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നെന്നും ഇപ്പോള്‍ കാണാനില്ലെന്നും സമീപവാസികള്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് അസ്വാഭാവിക മരണത്തിനും പെണ്‍കുട്ടിയെ കാണാതായതു സംബന്ധിച്ചും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അനേ്വഷണം തുടങ്ങി. തമിഴ്നാട്ടില്‍നിന്നു പെണ്‍കുട്ടിയെ കണ്ടെത്തി ചോദ്യംചെയ്തപ്പോഴാണ് പീഡന വിവരം അറിഞ്ഞത്.






