
വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന വിവാഹമോചനമാണെങ്കിലും കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്ക്കുന്ന ചര്‍ച്ചകളില്‍ മുന്‍പന്തിയിലാണ് ഗായിക അമൃത സുരേഷിന്റെയും നടന് ബാലയുടെയും വിവാഹമോചനവും അതിനു പിന്നാലെയെത്തിയ പ്രശ്നങ്ങളും. ബാലയും അമൃതയും തമ്മിലുള്ള പ്രശ്നം സോഷ്യല്‍ മീഡിയയില്‍ സജീവമാകാന്‍ തുടങ്ങിയിട്ട് കുറച്ചധികം നാളുകളായി. അമൃതയ്ക്കെതിരെ ബാല പല ആരോപണങ്ങളും ഉന്നയിച്ച് അഭിമുഖങ്ങില്‍ സംസാരിച്ചതോടെ പ്രശ്നങ്ങള്‍ വീണ്ടും പുകയാന്‍ തുടങ്ങി.
ബാലയ്ക്കെതിരെ ഗുരുതര ആരോപണവുമായി മകള്‍ അവന്തികയും പിന്നാലെ അമൃതയും എത്തിയതോടെ പ്രശ്നം കൂടുതല്‍ വഷളായി. മകളെ തന്നില്‍ നിന്ന് അകറ്റുന്നു എന്ന് ബാല ആരോപിച്ചപ്പോള്‍ അച്ഛനെ തനിക്ക് കാണേണ്ടെന്നാണ് മകള്‍ പറഞ്ഞത്. അതിനു പിന്നാലെ ബാലയില്‍ നിന്നും ക്രൂര മർദ്ദനം തനിക്കേല്‍ക്കേണ്ടി വന്നെന്നും സഹിക്കാൻ പറ്റാതായപ്പോള്‍ ആ വീട്ടില്‍ നിന്നും താൻ രക്ഷപ്പെടുകയായിരുന്നെന്നും അമൃത കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. അമൃതയ്ക്ക് പിന്തുണയുമായി നിരവധി പേർ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം പങ്കുവെക്കുന്നുണ്ട്. എന്നാല്‍ ചിലർ എതിരഭിപ്രായവും പറയുന്നു. മുൻ ബിഗ് ബോസ് താരം സായ് കൃഷ്ണ ഈ വിഷയത്തില്‍ നടത്തിയ പ്രതികരണവും അക്കൂട്ടത്തില്‍ ചര്‍ച്ചയായി. അമൃതയ്ക്ക് മകളെ പൊതുമധ്യത്തിലേക്ക് കൊണ്ട് വരാതെ താൻ നേരിട്ട പ്രശ്നങ്ങള്‍ നേരത്തെ തുറന്ന് പറയാമായിരുന്നെന്നാണ് സായ് കൃഷ്ണ അഭിപ്രായപ്പെട്ടത്.
ഇപ്പോഴിതാ സായ് കൃഷ്ണയ്ക്കെതിരെ വിമർശനം ഉന്നയിച്ചിരിക്കുകയാണ് അമൃത സുരേഷ്. സായ് കൃഷ്ണയെ വിമർശിക്കുന്ന യൂട്യൂബറുടെ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് അമൃതയുടെ പ്രതികരണം. ‘‘ഡിയർ സായ്, എന്തിനാണ് ഞങ്ങളെ ഉപദവ്രിക്കുന്നത്. ആർക്ക് വേണ്ടി... കഷ്ടം!, ഡിപ്ലോമാറ്റിക്കായ പക്ഷപാതിത്വമുള്ള വീഡിയോകള്‍ താങ്കളുടെ ഭാഗത്ത് നിന്നും ഇനിയും പ്രതീക്ഷിക്കുന്നു...’’ അമൃത സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ബാലയെ പിന്തുണയ്ക്കുന്നെന്ന് പറഞ്ഞ് നിരവധി പേര് സായ് കൃഷ്ണയെ വിമർശിക്കുന്നുണ്ട്.
എന്നാല്‍ ബാലയെ പിന്തുണച്ച് സായ് കൃഷ്ണ തന്റെ വീഡിയോയില്‍ സംസാരിച്ചില്ല. അമൃതയും മകളും പറഞ്ഞ കാര്യങ്ങളെ തള്ളിപ്പറയുന്നില്ല. ബാല അങ്ങനെയൊക്കെ ചെയ്യുമോ എന്ന് ചോദിച്ചാല്‍ ചെയ്യുമെന്ന് തന്നെയാണ് തന്റെ അഭിപ്രായമെന്ന് സായ് പറയുന്നുണ്ട്. ബാലയുടെ നല്ല വശങ്ങള്‍ക്കപ്പുറം ഇങ്ങനെയൊരു മുഖവുമുണ്ട്. എന്നാല്‍ മകളെ ഇതിലേക്ക് കൊണ്ട് വരാതെ നേരത്തെ താൻ നേരിട്ട അനുഭവങ്ങള്‍ അമൃത തുറന്ന് പറയേണ്ടതായിരുന്നു എന്നാണ് സായ് കൃഷ്ണ പറയുന്നത്.
അമൃതയ്ക്ക് വേണ്ടി സോഷ്യല്‍ മീഡിയയിലൂടെ സഹോദരി അഭിരാമി സുരേഷ് നിരന്തരം സംസാരിക്കുന്നുണ്ട്. അമൃതയുടെ മകള്‍ മൂന്ന് വയസില്‍ നടന്ന കാര്യങ്ങള്‍ ഓർത്തെടുത്ത് പറയുന്നത് കള്ളമാണെന്ന വാദം ശക്തമാണ്. ഇതിനെതിരെ അഭിരാമി കഴിഞ്ഞ ദിവസം പ്രതികരിച്ചു. ‘‘രണ്ടോ മൂന്നോ വയസ്സുള്ള ഒരു കുട്ടിക്ക് ആഘാതകരമായ സംഭവങ്ങള്‍ ഓർക്കാൻ കഴിയില്ലെന്ന് പറയുന്നു. എന്നാല്‍ ഇത് ശരിയല്ല.
മനഃശാസ്ത്രത്തിന്റെയും സൈക്യാട്രിയുടെയും പിന്തുണയോടെ, ചെറുപ്പത്തില്‍ തന്നെ ഉണ്ടാകുന്ന ആഘാതകരമായ അനുഭവങ്ങള്‍ കുട്ടിയുടെ മനസ്സില്‍ ശാശ്വതമായ സ്വാധീനം ചെലുത്തുന്നു എന്നത് രേഖപ്പെടുത്തപ്പെട്ട ഒരു വസ്തുതയാണ്...’’ അഭിരാമി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. അമ്മയെ അച്ഛൻ ഉപദ്രവിക്കുന്നത് നേരിട്ട് കണ്ടിട്ടുണ്ടെന്നും ഒരിക്കല്‍ അച്ഛൻ തന്റെ നേർക്ക് ഗ്ലാസ് എടുത്തെറിഞ്ഞെന്നുമാണ് ബാലയുടെ മകള്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ബാലയുടെ വീട്ടില്‍ നിന്നും അമൃത ഇറങ്ങുന്ന സമയത്ത് മകള്‍ക്ക് മൂന്ന് വയസായിരുന്നു പ്രായം.






