
കോഴിക്കോട് ; സൈബര്‍ ആക്രമണത്തില്‍ പരാതി നല്കി ഷിരൂര്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ട അര്‍ജുന്റെ കുടുംബം. പരാതി നല്‍കിയത് സിറ്റി പോലീസ് കമ്മീഷണര്്കകാണ്. അര്‍ജുന്റെ സഹോദരി അഞ്ജുവാണ് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസമാണ് മനാഫിനെതിരെ അര്‍ജുന്റെ കുടുംബം ഒരു വാര്‍ത്താ സമ്മേളനം നടത്തിയത്. അതിന് പിന്നാലെ വന്‍ സൈബര്‍ ആക്രമണമാണ് കുടുംബം നേരിട്ടത്.
മനാഫ് തങ്ങളെ വൈകാരികമായി മാര്‍ക്കറ്റ് ചെയ്യുകയാണെന്നായിരുന്നു കഴിഞ്ഞ ദിവസം അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിന് ആരോപിച്ചത്. മനാഫ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ കള്ളം പറയുകയാണെന്നും ഫണ്ട് സ്വരൂപിക്കുന്നതുമായി ബന്ധപ്പെട്ട് ആളുകളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പൊതുജനങ്ങളാരും മനാഫിന് പണം നല്‍കരുതെന്നും തങ്ങള്‍ അത് സ്വീകരിക്കുന്നില്ലെന്നും കുടുംബം വ്യക്തമാക്കിയിരുന്നു. യൂട്യൂബ് ചാനലുകളില്‍ നിന്നും ആക്ഷേപം നേരിടുന്നതായും കുടുംബം ആരോപിച്ചിരുന്നു.
'പലയാളുകളും കുടുംബത്തിന്റെ വൈകാരികതയെ മാര്‍ക്കറ്റ് ചെയ്തു. യൂട്യൂബ് ചാനലുകളില്‍ പ്രചരിപ്പിക്കുന്നത് അര്ജുന് 75,000 രൂപ സാലറി കിട്ടിയിട്ടും ജീവിക്കാന്‍ സാധിക്കുന്നില്ലെന്നാണ്. ഇതുവരെ അര്ജുന് 75,000 രൂപ സാലറി കിട്ടിയിട്ടില്ല. അര്‍ജുന്റെ പണമെടുത്ത് ജീവിക്കുന്ന സഹോദരിമാര്‍, സഹോദരന്മാര് തുടങ്ങിയ ആക്ഷേപങ്ങള്‍ നേരിടുന്നുണ്ട്. അര്ജുന് മരിച്ചത് നന്നായെന്ന കമന്റുകള്‍ ഉള്‍പ്പെടെ കണ്ടെന്നും ഇത് വേദനയുണ്ടാക്കി', എന്നതടക്കമുള്ള ആരോപണങ്ങളാണ് ജിതിന് ആരോപിച്ചത്.






